പത്തനംതിട്ട : കാർഷികോൽപ്പാദനം കൂട്ടുന്നതിന് കർഷകരുടെ കൂട്ടായ പ്രവർത്തനം ഉണ്ടാവണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ചരൽക്കുന്നിൽ കർഷക സംഘം ജില്ലാ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപ്പാദന വർദ്ധനവിനനുസൃതമായ വില കർഷകന് ലഭ്യമാകണം. അതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാനും കർഷകരുടെ അനുഭവംകൂടി ഉൾപ്പെടുത്തി വേണം കാർഷിക ഗവേഷണവിഭാഗങ്ങൾ പ്രവർത്തിക്കേണ്ടത്.
പുതിയ വിളകൾ കൃഷിചെയ്യാൻ കർഷകരും തയ്യാറാവണം.
കാർഷികോൽപ്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ കൂടുതൽ സഹായം ചെയ്യും. വിളകളുടെ സംഭരണത്തിനും വിപണനത്തിനും ആവശ്യമായ സംവിധാനം വിപുലപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് അദ്ധ്യക്ഷനായി. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ രവീൺ കെ. മനോഹറിനെ മന്ത്രി ആദരിച്ചു. കർഷകപ്രസ്ഥാനത്തിന്റെ ചരിത്രവും സമകാലിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യുവും കാർഷിക പ്രതിസന്ധിയും ബദൽ നയങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർശങ്കരനും ക്ലാസെടുത്തു. നവകേരള കാഴ്ചപ്പാടും കർഷകപ്രസ്ഥാനത്തിന്റെ കടമകളും എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എ.പത്മകുമാറും സംഘടന സംബന്ധിച്ച് ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ളയും വിഷയം അവതരിപ്പിച്ചു. കെ.പി.ഉദയഭാനു, പി.ആർ. പ്രദീപ്, ജി.ശ്രീരേഖ, ജി.വിജയൻ, ടി.വി.സ്റ്റാലിൻ, കെ.ജി.വാസുദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |