റാന്നി : ജൽ ജീവൻ മിഷൻ നടപ്പാക്കുന്നതിന് ചെറുകോൽ പഞ്ചായത്തിൽ 89.61 കോടി രൂപയുടെ പദ്ധതി. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി അധികൃതരുടെയും യോഗം വിളിച്ചു ചേർത്തു. 3456 കണക്ഷനുകളാണ് ജൽ ജീവൻ മിഷനിലൂടെ ചെറുകോൽ പഞ്ചായത്തിൽ മാത്രം നൽകുക.
ചെറുകോൽ - നാരങ്ങാനം - റാന്നി കുടിവെള്ള പദ്ധതി വഴി ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളുടെ എല്ലാ മേഖലകളിലും റാന്നി പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലും പദ്ധതിയിലൂടെ ശുദ്ധജലം എത്തിക്കാനാകും.
പമ്പാനദിയിലെ പുതമൺ കടവിൽ നിന്ന് സംഭരിക്കുന്ന വെള്ളം 10 ലക്ഷം ലിറ്റർ ശേഷിയുള്ള പുതമണ്ണിലെ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് മഞ്ഞപ്രമല , അന്ത്യാളൻ കാവ്, തോന്ന്യാമല , കണമുക്ക് ടാങ്കുകളിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 190 കിലോമീറ്റർ വിതരണപൈപ്പുകൾ സ്ഥാപിക്കും.
പുതിയ കണക്ഷൻ വേണ്ട ഗുണഭോക്താക്കളെ വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് അദ്ധ്യക്ഷനായിരുന്നു. ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബാബുരാജ്, അസിസ്റ്റന്റ് എൻജിനിയർ മിനി എന്നിവർ യോഗത്തിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |