കോഴഞ്ചേരി : സംസ്ഥാന സർക്കാർ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ പേരിൽ ജില്ലയ്ക്ക് അനുവദിച്ച സാംസ്കാരിക സമുച്ചയം അയിരൂർ ചെറുകോൽപ്പുഴയിൽ നിർമ്മിക്കുന്നതിന് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഹിന്ദുമത മഹാമണ്ഡലം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സമുച്ചയം സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പ്രാഥമിക പഠനം പൂർത്തിയായിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വീകരിച്ചത്. ഇതിനുള്ള തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ആവശ്യപ്പെട്ടു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിൽ എത്തും വിധമുള്ള ശബരി റെയിൽപാതയ്ക്കായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട് വച്ച നിർദേശം പരിഗണിക്കണമെന്നും യോഗം കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് വാഹന പാർക്കിംഗ് അടക്കം പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ആലപ്പുഴയിലെ പ്രകടനത്തിൽ തീവ്രമുദ്രാവാക്യംവിളിക്ക് നേതൃത്വം നല്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മഹാമണ്ഡലം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളായി പി.എസ്.നായർ (പ്രസിഡന്റ് ), മുൻ എം.എൽ.എ മാലേത്ത് സരളാ ദേവി, അഡ്വ.കെ.ഹരിദാസ് (വൈസ് പ്രസിഡന്റ്), എ.ആർ.വിക്രമൻ പിള്ള (സെക്രട്ടറി), അഡ്വ.കെ.രാജഗോപാൽ, അനിരാജ് ഐക്കര (ജോയിന്റ് സെക്രട്ടറി), ടി.കെ. സോമനാഥൻ നായർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |