SignIn
Kerala Kaumudi Online
Thursday, 25 April 2024 3.47 PM IST

മഴയ്ക്ക് ശമനം, ജാഗ്രത തുടരും

fg

പത്തനംതിട്ട: മഴയ്ക്ക് ശമനമുണ്ടെങ്കിലും ജില്ലയിൽ ജാഗ്രത തുടരാൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ കക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നദികളിലെ ജലനിരപ്പിൽ മാറ്റമില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചന പ്രകാരം ജില്ലയിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ പെയ്യില്ലെങ്കിലും പൂർണമായി മഴ മാറുന്ന സാഹചര്യമില്ല.
ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. അസാധാരണ സാഹചര്യത്തിൽ ക്യാമ്പുകളിൽ കഴിയാനാകാതെ ഒറ്റപ്പെട്ടു പോകുന്ന കോളനികളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും ഭക്ഷണ പദാർത്ഥങ്ങളും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ജില്ലയിലെ 69 ക്യാമ്പുകളിലായി 572 കുടുംബങ്ങളിലെ 1926 പേരാണ് കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികളുൾപ്പെടെ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. തിരുവല്ല, അടൂർ താലൂക്കുകളിൽ ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ റ്റി.ജി. ഗോപകുമാർ, ഡി.എം.ഒ ഡോ. എൽ. അനിത കുമാരി തുടങ്ങിയവർ പങ്കെടുത്തു.

ക്യാമ്പുകളിൽ 2529 പേർ

ജില്ലയിലെ 78 ദുരിതാശ്വാസ ക്യാമ്പിലായി 778 കുടുംബങ്ങളിലെ 2529 പേർ കഴിയുന്നു. ഇതിൽ 1028 പുരുഷന്മാരും 1082 സ്ത്രീകളും 419 കുട്ടികളും ഉൾപ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുള്ളത്. ഇവിടെ 53 ക്യാമ്പുകളിലായി 1995 പേർ കഴിയുന്നു.
താലൂക്ക്, ക്യാമ്പ്, കുടുംബങ്ങൾ, ആകെ എത്രപേർ എന്ന ക്രമത്തിൽ: കോഴഞ്ചേരി 13, 123, 402. മല്ലപ്പള്ളി 5, 20, 72. റാന്നി 5, 14, 51. കോന്നി ഒന്ന്, ഒന്ന്, മൂന്ന്. അടൂർ ഒന്ന്, രണ്ട്, ആറ്.

പമ്പ ഡാമിൽ ബ്ളു അലർട്ട്

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദേശമായ ബ്ളു അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ബ്ളൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റർ, 983.50 മീറ്റർ, 984.50 മീറ്റർ ജലനിരപ്പിൽ എത്തിച്ചേരുമ്പോഴാണ്. ഇന്നലെ വൈകിട്ട് 3.30ന് ജലനിരപ്പ് 982 മീറ്ററിൽ എത്തി. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാൽ നീരൊഴുക്ക് ശക്തമായിട്ടുണ്ട്. ഡാമിലെ അധികജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്ന നടപടിയുടെ ഭാഗമായി അണക്കെട്ട് സുരക്ഷാ വിഭാഗം ഇന്നലെ വൈകിട്ട് 3.30 മുതൽ ബ്ളൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.