പത്തനംതിട്ട : പൂക്കളമിട്ടും പാട്ടും കളികളുമായി മഹാത്മാ ജനസേവന കേന്ദ്രം അന്തേവാസികളുടെ ഒാണാഘോഷം. ഒാണക്കോടി അണിഞ്ഞും സദ്യയുണ്ടും സന്തോഷ നിമിഷങ്ങളിലാണ് അവർ. ഇൗ മാസം ഒന്നാം തീയതിയാണ് ഒാണാഘോഷങ്ങൾ തുടങ്ങിയത്. പതിനൊന്നു വരെ നീളും. മഹാത്മയുടെ അടൂർ ഒാൾഡേജ് ഹോം, കുളത്തിനാൽ ജീവകാരുണ്യ കേന്ദ്രം, അങ്ങാടിക്കൽ ബഗർ ഹോം, കോഴഞ്ചേരി ഒാൾഡേജ് റിക്രിയേഷൻ സെന്റർ എന്നിവിടങ്ങളിലെ ഒാണാഘോഷത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു. വിവിധ സംഘടനകൾ ഒാണസദ്യകൾ സ്പോൺസർ ചെയ്യുന്നു. ഒാരോ സദ്യയിലും നാൽപ്പത് ഇനം വിഭവങ്ങൾ വരെയുണ്ടാകും. മഹാത്മയിലെ വിവിധ യൂണിറ്റുകളിലെ അന്തേവാസികൾ, പ്രവർത്തകർ, പ്രവർത്തകരുടെ കുടുംബാംഗങ്ങൾ എല്ലാംകൂടി നാനൂറോളം പേർക്കാണ് സദ്യയൊരുക്കുന്നത്.
ബ്ളഡ് ഡോണേഴ്സ് ക്ളബ് ജില്ലാകമ്മറ്റി, കുളത്തിനാൽ അങ്കണവാടി, കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ, കോഴഞ്ചേരി തില്ലങ്കരി വാട്സ് ആപ്പ് ഗ്രൂപ്പ്, ഏനാത്ത് പൊലീസ് സ്റ്റേഷൻ, അടൂർ ഫയർഫോഴ്സ് യൂണിറ്റ്, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി, മലയിൽ ഗ്രൂപ്പ് മരുതിമൂട്, ഡൊണേറ്റ് ഫോർ ലൈഫ് അസോസിയേഷൻ ഒാലകെട്ടിയമ്പലം, ജനമൈത്രി സമിതി ഏഴംകുളം, അടൂർ യുവത, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് ഒാണാഘോഷം നടത്തുന്നത്.
കലാസ്റ്റാർ കബീറിന്റെ ഗാനമേള, കോന്നി അയ്യപ്പന്റെ നേതൃത്വത്തിൽ പരുന്താട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അന്തേവാസികളെക്കൂടി പങ്കെടുപ്പിച്ച് തിരുവാതിര, കൊയ്ത്തുപാട്ട്, വടംവലി തുടങ്ങി വിവിധയിനം ഒാണക്കളികൾ സംഘടിപ്പിച്ചുവരുന്നു. അടൂർ പ്രകാശ് എം.പി, സീരിയൽ താരം റീജന പി.രാജ്, പുതുമുഖ നടി നിയ ശങ്കരത്തിൽ, അടൂർ ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ തുടങ്ങിയവരാണ് വിശിഷ്ടാതിഥികൾ. മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും ഭാര്യ പ്രിഷിൽഡയുമാണ് മേൽനോട്ടം വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |