SignIn
Kerala Kaumudi Online
Saturday, 20 April 2024 9.50 AM IST

പടർന്ന് പന്തലിച്ച് പള്ളിക്കൽ, പഞ്ചായത്ത് വിഭജനം തുലാസിൽ

panchyath

പള്ളിക്കൽ : ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പള്ളിക്കൽ വിഭജിച്ച് പെരിങ്ങനാട് പഞ്ചായത്ത് രൂപീകരിക്കുക എന്നത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും ഇടപെടലുകൾക്കും ഇടയൊരുക്കിയ വിഷയമണ്. എന്നാൽ ഏറെനാളായി പഞ്ചായത്ത് വിഭജനം വിസ്മൃതിയിലായിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും ഭരണസംവിധാനങ്ങളും ഇക്കാര്യം മറന്ന മട്ടാണ്.

അന്വേഷിച്ചാൽ പരിഗണനയിലുണ്ട് എന്ന പതിവ് പല്ലവിയിൽ തീരും അധികൃതരുടെ മറുപടി. സർക്കാർ ഈ ആവശ്യത്തോട് പൂർണ്ണമായും മുഖം തിരിക്കുകയാണ്. കഴിഞ്ഞ ആറ് വർഷമായി ഈ ആവശ്യം നമ്മുടെ ജനപ്രതിനിധികളും ഉന്നയിക്കുന്നില്ല.

പെരിങ്ങനാട് വില്ലേജ് അതിർത്തിയായി പെരിങ്ങനാട് പഞ്ചായത്ത് രൂപീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

പള്ളിക്കൽ പഞ്ചായത്ത് പലതവണ പ്രമേയം പാസാക്കി സർക്കാരിന് നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണച്ചു. 2016 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലയളവിൽ പഞ്ചായത്ത് രൂപീകരിച്ച് ഉത്തരവായി. പതിനാലാം മൈലിൽ അഞ്ച് വർഷത്തേക്ക് സൗജന്യമായി ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് കെട്ടിടവും ഏറ്റെടുത്തു. എന്നാൽ മറ്റാെരു പഞ്ചായത്ത് രൂപീകരണം കോടതി കയറിയതോടെ പെരിങ്ങനാട് പഞ്ചായത്തിനും തടസമായി.

അപ്രതീക്ഷിതം കോടതിവിധി

മലബാർ പ്രദേശത്ത് പഞ്ചായത്തുകൾ വിഭജിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലന്ന പരാതി ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ പഞ്ചായത്ത് വിഭജനം ആകെ റദ്ദ് ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം പിണറായി വിജയൻ സർക്കാർ പുതിയ പഞ്ചായത്തുകൾ രൂപീകരിച്ചില്ല.

സേവനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട്

അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ തുടങ്ങുന്ന പള്ളിക്കൽ പഞ്ചായത്ത് അവസാനിക്കുന്നത് ആനയടി അതിർത്തിയിലാണ്. 18 കിലോമീറ്റർ നീളം. 5 മുതൽ 10 കി.മീറ്റർ വരെ വീതിയുണ്ട്. കുടുംബാരോഗ്യ കേന്ദ്രം, ആയൂർവേദാശുപത്രി, ഹോമിയോ ആശുപത്രി, മൃഗാശുപത്രി, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവയെല്ലാം പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. പെരിങ്ങനാട് ഭാഗത്തുള്ളവർക്ക് ഈ ഓഫീസുകളുടെ സേവനം കിട്ടുന്നത് പരിമിതമാണ്. കൃഷിഭവൻ പെരിങ്ങനാട് ഭാഗത്ത് പ്രവർത്തിക്കുന്നത് പള്ളിക്കലുള്ളവർക്കും യഥാസമയം സേവനം ലഭ്യമാക്കുന്നതിന് തടസമാകുന്നു. പൊതുഗതാഗത സൗകര്യമില്ലാത്തതും യാത്ര ബുദ്ധിമുട്ടുണ്ടാകുന്നു. പഞ്ചായത്ത് വിഭജനം സാദ്ധ്യമായാൽ അനുബന്ധ ഓഫീസുകൾ കൂടി വരുന്നതും വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് ലഭിക്കുമെന്നതും നേട്ടമാണ്.

പള്ളിക്കൽ പഞ്ചായത്ത്

മൂന്ന് ബ്ലോക്ക് ഡിവിഷനുകൾ,

23 വാർഡുകൾ,

45.43 ച.കി.മീറ്റർ വിസ്തീർണ്ണം,

പള്ളിക്കൽ, പെരിങ്ങനാട് എന്നീ വില്ലേജുകൾ,

ജനസംഖ്യ : 60000+

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.