SignIn
Kerala Kaumudi Online
Thursday, 25 April 2024 6.12 PM IST

5 മണിക്കൂർ പേപ്പട്ടി വീട്ടുപടിയ്ക്കൽ

dog

ഒാമല്ലൂർ: പേ വിഷബാധയുടെ ലക്ഷണങ്ങളോടെ ഒാമല്ലൂരിലെ വീട്ടുവളപ്പിൽ കടന്ന നായ നാട്ടുകാരെ അഞ്ച് മണിക്കൂറോളം ഭീതിയുടെ മുൾമുനയിലാക്കി. ഒടുവിൽ, തിരുവല്ലയിൽ നിന്ന് പട്ടിപിടുത്തക്കാരനെത്തി നായയെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വലയിൽപ്പെടുത്തി. മയക്കുമരുന്ന് കുത്തിവച്ചതിനെ തുടർന്ന് മയങ്ങിയ നായയെ മൃഗസംരക്ഷണവകുപ്പ് ഏറ്റെടുത്ത് പ്രത്യേകം ഷെൽട്ടറിലേക്ക് മാറ്റി.

ഇന്നലെ രാവിലെ ഏഴ് മണിയോടെ പത്തനംതിട്ട - കൈപ്പട്ടൂർ റോഡരികിൽ ഒാമല്ലൂർ കുരിശ് ജംഗ്ഷനു സമീപമുള്ള തറയിൽവീട്ടിൽ തുളസീഭായിയുടെ മകൻ ശ്രീകാന്ത് തുണിവിരിക്കാൻ മുറ്റത്ത് ഇറങ്ങിയപ്പോഴാണ് നായയെ കണ്ടത്.

വെളുത്ത നായയുടെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. നടക്കുന്നതിന് ബുദ്ധിമുട്ടിയ നായ വീട്ടുവളപ്പിൽചുറ്റിത്തിരിയുകയായിരുന്നു. വീടിന് നാലുവശവും മതിലുണ്ടായിരുന്നതിനാൽ നായയ്ക്ക് പുറത്തുകടക്കാനായില്ല. വീടിന്റെ തുറന്നുകിടന്ന ഗേറ്റ് വഴിയാണ് ഉള്ളിൽ കടന്നതെന്നു കരുതുന്നു. നായ പുറത്തേക്കുപോകാതിരിക്കാൻ ഗേറ്റ് പൂട്ടിയിട്ടു.

നായയെ കണ്ടതിനെ തുടർന്ന് തുളസീഭായിക്ക് മണിക്കൂറുകളോളം പുറത്തിറങ്ങാനായില്ല. വാതിലുകളും ജനലുകളും അടച്ച് വീടിന് അകത്തിരുന്നു. ശ്രീകാന്ത് വിവരം അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട ഫയർ ഒാഫീസർ ബി.എം.പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും പൊലീസും മൃഗസംരക്ഷണവകുപ്പ് അധികൃതരും സ്ഥലത്തെത്തി. അടൂർ ആർ.ഡി.ഒ എ.തുളസീധരൻപിള്ളയെത്തി ജില്ലാകളക്ടറുമായി ബന്ധപ്പെട്ട ശേഷമാണ് നായയെ പിടികൂടാൻ നിർദേശം ലഭിച്ചത്.

പത്ത് ദിവസം നിർണായകം,

കടിയേറ്റെങ്കിൽ അറിയിക്കണം

മൃഗസംരക്ഷണവകുപ്പ് ജില്ലാ ഒാഫീസർ ഡോ.ജ്യോതിഷ് ബാബുവിന്റെ നേതൃത്വത്തിലാണ് നായയെ ഷെൽട്ടറിലാക്കിയത്. അടുത്ത ആറ് മുതൽ പത്ത് ദിവസം വരെ നിർണായകമാണെന്ന് അദ്ദേഹം കേരളകൗമുദിയോട‌ു പറഞ്ഞു. നായക്ക് പേയുടെ ലക്ഷണങ്ങളുണ്ട്. പേ വിഷബാധയേറ്റ നായകൾക്ക് പത്ത് ദിവസത്തിനുളളിൽ സ്വാഭാവിക മരണം സംഭവിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ ഒാമല്ലൂരിലും പരിസരങ്ങളിലും നായകളുടെ കടിയേറ്റ മനുഷ്യരോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. കടിയേറ്റ മനുഷ്യർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തി ചികിത്സതേടണം. വളർത്തു മൃഗങ്ങളെ വെറ്റിറനറി ആശുപത്രികളിലെത്തിക്കണം.

നായയ്ക്ക് പേയില്ലെങ്കിൽ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാൻ ചികിത്സനൽകുമെന്ന് ഡോ.ജ്യോതിഷ് ബാബു പറഞ്ഞു.

ക്രൂരം, ശാന്തം; സ്വഭാവം രണ്ട്

പേ ബാധിച്ച നായകൾ രണ്ടുതരം സ്വഭാവക്കാരാണെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാഒാഫീസർ ഡോ.ജ്യോതിഷ് ബാബു പറഞ്ഞു. പേപ്പട്ടികൾ കൂടുതലും ക്രൂരസ്വഭാവത്തോടെ മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം ആക്രമിക്കും. എന്നാൽ, ശാന്ത സ്വഭാവക്കാർ പൊതുവെ ആക്രമണകാരികളല്ല. ഒാമല്ലൂരിൽ കണ്ടത് ഇൗ ഗണത്തിൽപെട്ടതാകാം. നായയ്ക്ക് പേ ലക്ഷണങ്ങളുണ്ട്. നുരയും പതയും വന്നത് പേയുടെ ലക്ഷണമാണ്. വയർ ഒട്ടുകയും പേശികൾക്ക് തളർച്ചയും സംഭവിക്കും. ഇൗച്ചയെ അകറ്റാൻ പോലും ശക്തിയുണ്ടാകില്ല. ഒാട്ടം സാധാരണ നായകളുടേതു പോലെയാകില്ല. വൈറസ് ഒന്നാണെങ്കിലും അത് പ്രവേശിക്കുന്ന മൃഗത്തിന്റെ ശരീരഘടനയനുസരിച്ചാണ് സ്വഭാവത്തിൽ മാറ്റം വരുന്നത്.

നാട്ടുകാർ തടിച്ചുകൂടി, ഗതാഗതക്കുരുക്ക്

പേപ്പട്ടി വീട്ടുവളപ്പിൽ കടന്നതിനെ തുടർന്ന് ആളുകൾ ഒാടിക്കൂടിയത് ഒാമല്ലൂരിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാക്കി. രാവിലെ ഏഴ് മണിയോടെ നായയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ ആളെത്താൻ മണിക്കൂറുകൾ വൈകി. തിരുവല്ലയിൽ നിന്ന് മൃഗസംരക്ഷണ സംഘടനയായ 'ആരോ'യുടെ ആളെ വിളിച്ചു വരുത്തി. ഇൗ സമയം വിവരം അറിഞ്ഞ് പരിസരവാസികൾ തറയിൽ വീട്ടുപരിസരത്തേക്ക് എത്തിയതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. വാഹന നിയന്ത്രണത്തിന് പൊലീസും രംഗത്തിറങ്ങി.

അണുമുക്തമാക്കി

നായയെ വലയിൽ കുടുക്കി കൊണ്ടുപോയ ശേഷം വീടും പരിസരവും ആരോഗ്യ വകുപ്പ് അണുമുക്തമാക്കി. വീട്ടുമുറ്റത്തും പരിസരത്തും പ്രവേശിച്ചവരോട് ദേഹവും വസ്ത്രങ്ങളും വൃത്തിയാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

'' മകൻ വീട്ടിലുണ്ടായിരുന്നതു കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചേനെ. ശരിക്കും ഭയന്നു പോയി.

തുളസീഭായി, വീട്ടുടമ

'' വീട്ടുമുറ്റത്ത് കാറിന്റെ സൈഡിൽ ശ്വാസം വലിച്ചുവിടുന്ന പോലെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് നായയെ കണ്ടത്. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. കതകും ജനലും അടച്ച് അകത്തിരിക്കാൻ അമ്മയോട് പറഞ്ഞു. പഞ്ചായത്തംഗം സാലിയെ അറിയിച്ച ശേഷം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ടു ചെന്ന് വിവരം പറഞ്ഞു.

ശ്രീകാന്ത്, തുളസീഭായിയുടെ മകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.