അടൂർ : എസ്.എൻ.ഡി.പിയോഗം ചാല ശാഖാ പ്രസിഡന്റിനെ വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടൂർ യൂണിയന്റെ നേതൃത്വത്തിൽ 20ന് അടൂർ ഡിവൈ.എസ്.പി ഒാഫീസിലേക്ക് മാർച്ച് നടത്തും. അടൂരിലെ ഹോട്ടലിൽ രാത്രികാല ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശാഖാ പ്രസിഡന്റ് രാധാകൃഷ്ണനെ വീട്ടിൽ കയറി വെട്ടിയത് ഇക്കഴിഞ്ഞ 23നാണ്. പ്രതിയെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുകയാണ്.
ഇന്നലെ പള്ളിക്കൽ പഞ്ചായത്തിലെ വിവിധ ശാഖാ ഭാരവാഹികൾ യോഗം ചേർന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സമര പരിപാടികളുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ സംസാരിച്ചു. ചാല ശാഖാ വൈസ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗംഗാധരൻ, വിവിധ ശാഖാ ഭാരവാഹികളായ പഴകുളം ശിവദാസൻ, ശിവൻകുട്ടി, അഭിലാഷ്, സുഗതൻ തുടങ്ങിയവർ പങ്കെടുത്തു. പ്രക്ഷോഭ പരിപാടികളെപ്പറ്റി ആലോചിക്കാൻ അടൂർ യൂണിയനിലെ ഭാരവാഹികൾ, ശാഖാ യോഗം പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ യോഗം 16ന് അടൂർ യൂണിയൻ ഒാഫീസിൽ ചേരുമെന്ന് യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |