റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ അപകടങ്ങൾക്ക് കാരണം കണ്ടെത്തി പരിഹരിക്കാനായി പൊതുമരാമത്ത് വകുപ്പ് ട്രാഫിക് പഠന വിഭാഗം റാന്നിയിൽ പരിശോധന നടത്തി . അപകടങ്ങളെക്കുറിച്ച് അഡ്വ പ്രമോദ് നാരായൺ എം.എൽ.എ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഉതിമൂട് ജംഗ്ഷനിൽ ബസ് സ്റ്റോപ്പുകൾ ജംഗ്ഷനിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഇവിടെ എത്തുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിന് കൂടുതൽ ലൈനുകളും വേഗനിയന്ത്രണ സ്ട്രിപ്പുകളും സ്ഥാപിക്കണം.ഉതിമൂട് കനാലിന് കീഴിൽ വലിയ ട്രക്കുകൾ കുരുങ്ങുന്നത് ഒഴിവാക്കാൻ കനാലിന് അടുത്തെത്തുന്നതിന് മുമ്പുതന്നെ റോഡിന്റെ ഉയരത്തിനനുസരിച്ചുള്ള അളവിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കണം. പാലത്തിന്റെ ഉയരം സൂചിപ്പിക്കുന്ന സൂചനാ ബോർഡുകൾ ഇവിടെയും മണ്ണാറക്കുളഞ്ഞി , മന്ദിരം ജംഗ്ഷനുകളിലും സ്ഥാപിക്കണം.
..പെരുമ്പുഴ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനുമുള്ള സൂചനാ ബോർഡുകൾ വയ്ക്കണം.ചെത്തോങ്കര ജംഗ്ഷനിൽ എരുമേലിക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് ജംഗ്ഷനിൽ നിന്ന് അല്പംകൂടി മുമ്പോട്ട് മാറ്റി പാലത്തിന്റെ മറുകരയിൽ സ്ഥാപിക്കണം.റോഡ് സേഫ്റ്റി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം.സിയാദ്, അസി.എക്സി.എൻജിനീയർ അനീഷ തോമസ്, കെ.എസ്.ടി.പിഎക്സിക്യൂട്ടീവ് എൻജിനീയർ റോജി പി.വർഗീസ്, അസി. എൻജിനീയർമാരായ ഉമേഷ് കൃഷ്ണൻ ഷീജ, ഓവർസീയർമാരായ സജിത്ത്, ജിഷിത എന്നിവരും സംഘത്തിലുണ്ടായിരുന്നു
ബ്ലോക്കുപടിയിൽ മാറ്റം വേണം
ബ്ലോക്കുപടി ജംഗ്ഷനിലെ ഗതാഗത സംവിധാനം അപ്പാടെ മാറ്റേണ്ടതാണെന്ന് നിർദേശം ഉയർന്നു. ജംഗ്ഷനിൽ നിന്ന് മാറ്റി ബസ് സ്റ്റോപ്പുകൾ വയ്ക്കണം. കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ ആ റോഡിലേക്ക് തിരിച്ചുനിറുത്തുന്നത് വലിയ അപകടത്തിന് ഇടയാക്കുമെന്ന് കണ്ടെത്തി. ഇവിടെ ഹൈമാസ്റ്ര് ലൈറ്റ് സ്ഥാപിക്കണംമന്ദമരുതി ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് ഇരുവശത്തും സ്ട്രിപ്പുകൾ സ്ഥാപിക്കണം. വലിയകാവ് റോഡ് തിരിയുന്ന ഭാഗത്തും ഇരുവശത്തും സ്ട്രിപ്പുകൾ സ്ഥാപിക്കണം. ഓവർ ടേക്കിംഗ് പാടില്ല എന്ന ബോർഡ് വയ്ക്കണം. റോഡിന്റെ മദ്ധ്യഭാഗം മഞ്ഞവരയിട്ട് വേർതിരിക്കണം . എരുമേലിക്ക് തിരിയുന്ന പ്ലാച്ചേരി ജംഗ്ഷനിൽ എരുമേലി പ്ലാച്ചേരി റോഡ് സംസ്ഥാനപാതയിലൂടെ പോകുന്ന യാത്രക്കാരുടെ ശ്രദ്ധയിൽ എളുപ്പം പതിയുകയില്ല. ഇവിടെ ഇരുവശത്തും കൂടുതൽ സ്ട്രിപ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറപ്പിക്കണം. വേഗപരിധി 40 കിലോമീറ്റർ കാണിച്ച് ബോർഡും വയ്ക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |