പത്തനംതിട്ട : ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന പരിശീലന കേന്ദ്രങ്ങളായ ബി.ആർ.സികളിലെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവം സമാപിച്ചു. ജില്ലയിലെ 11 ബഡ്സ് ബി.ആർ.സികളിൽ നിന്നുമായി നൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്തു. ലളിതഗാനം, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം, ഒപ്പന, എംബോസ് പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ക്രയോൺ പെയിന്റിംഗ്, മിമിക്രി, നാടോടി നൃത്തം, നാടൻപാട്ട്, സംഘനൃത്തം എന്നീ മത്സരയിനങ്ങളിലായി നൂറിൽ പരം കുട്ടികൾ കഴിവ് തെളിയിച്ചു.
മത്സരത്തിൽ 35 പോയിന്റ് നേടി പള്ളിക്കൽ ബഡ്സ് ബി.ആർ.സി ചാമ്പ്യന്മാരായി. പന്തളം ബി.ആർ.സി രണ്ടാംസ്ഥാനവും കലഞ്ഞൂർ ബഡ്സ് ബി.ആർ.സി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനവും സമ്മാനദാനവും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ നിർവഹിച്ചു. പള്ളിക്കൽ സി.ഡി.എസ് ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഡെവലപ്മെന്റ് ജില്ലാ പ്രോഗ്രാം മാനേജർ ബി.എൻ.ഷീബ, ബ്ലോക്ക് കോർഡിനേറ്റർ സ്മിത തോമസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |