പ്രമാടം : കുട്ടികളുടെ നാടകവേദിക്ക് പുതിയമുഖം നൽകിയ നാടകക്കാരൻ മനോജ് സുനിയുടെ പുതിയ ശാസ്തനാടകം പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായ 19ാം തവണയും റവന്യൂ ജില്ലാ നാടകക്കിരീടം നേടിക്കൊടുത്തു. കുട്ടികളുടെ അരങ്ങിൽ പരീക്ഷീക്കാൻ മടിക്കുന്ന സങ്കേതങ്ങളും ആക്ടിംഗ് രീതികളും അരങ്ങിൽ ഉപയോഗിക്കുന്നതിൽ ഈ നാടകം വിജയിച്ചു. തിയേറ്റർ സാദ്ധ്യതകളുടെ പുതിയ ഭാഷ സംവേദനം ചെയ്യുന്ന നാടകം കുട്ടികളുടെ നാടകവേദിയെ കുറിച്ചുള്ള വ്യവസ്ഥാപിത കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്നു. പുഴയമ്മയുടെ സ്വപ്നാടനത്തിലൂടെ ആശുപത്രിയും പുഴയും മാറി മാറി വരുന്ന കഥാപരിസരങ്ങളിലൂടെ കഥ പറയുന്ന എൻ.ഐ.സി.യു മികച്ച നാടകമായി. മികച്ച നടിയായി പ്രമാടം നേതാജി സ്കൂളിലെ നിത വിനോദും മികച്ച രചയിതാവായും സംവിധായകനായും മനോജ് സുനിയും തിരഞ്ഞെടുക്കപ്പെട്ടു. ആരോൺ സാമുവേൽ, ആര്യൻ മേനോൻ, അഭിറാം. ഡി, ജഫിൻ ടി. സാജൻ, അംഗന.പി, ഗുരു മാനസ, ആദിത്യ.എസ്, നിത വിനോദ് എന്നിവരാണ് അഭിനേതാക്കൾ. നവംബർ 7ന് നടക്കുന്ന സംസ്ഥാന ശാസ്ത്ര നാടക മൽസരത്തിൽ എൻ.ഐ.സി.യു പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |