SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.34 PM IST

ശബരിമല പാത : മണ്ണാരക്കുളഞ്ഞിയിലെ അപകട വളവുകളിൽ സുരക്ഷാ സംവിധാനം

mannarakkulanji

പത്തനംതിട്ട : മണ്ണാരക്കുളഞ്ഞി ആശുപത്രി ജംഗ്ഷനിലെയും രണ്ടാം കലുങ്കിലെയും അപകട വളവുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ശബരിമല തീർത്ഥാടനം തുടങ്ങിക്കഴിഞ്ഞാൽ വാഹനത്തിരക്ക് ഏറുമ്പോൾ വളവുകളിൽ അപകടസാദ്ധ്യത മുന്നിൽ കണ്ടാണ് നടപടി. പുനലൂർ - മൂവാറ്റുപുഴ റോഡ് പണിയുടെ പുരോഗതി വിലയിരുത്താൻ കെ.യു.ജനീഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് വളവുകളിലെ അപകടാവസ്ഥ ചർച്ചയായത്. കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ പ്രമോജ് ശങ്കറിനൊപ്പം എം.എൽ.എ റോഡ് സന്ദർശിച്ചു. രണ്ടുദിവസത്തിനകം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

ഈ ഭാഗത്തെ റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിച്ചതോടെ അമിതവേഗത അപകടങ്ങൾക്ക് ആക്കം കൂട്ടുകയാണ്. നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന കോന്നി - പുനലൂർ റീച്ചിൽ കോന്നി നിയോജകമണ്ഡലത്തിൽ ഇനി നാല് കിലോമീറ്റർ റോഡ് കൂടിയാണ് ടാർ ചെയ്യാനുള്ളത്. മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപ് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കുവാൻ എം.എൽ.എ ഉദ്യോഗസ്ഥരോടും കരാറുകാരോടും ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് ഉണ്ടാകാൻ ഇടയുള്ള മാരൂർ പാലത്തിലും വകയാർ പാലത്തിലും നിലവിലുള്ള പാലവും പുതിയതായി നിർമ്മിച്ച പാലവും ഉപയോഗിച്ച് വാഹന ഗതാഗതം സുഗമമാക്കും. നെടുമൺകാവ് മുതൽ ഗാന്ധി ജംഗ്ഷൻ വരെയുള്ള തോടിന്റെ വീതി കുറഞ്ഞത് കൈയേറ്റം കണ്ടെത്തി അതിർത്തി നിശ്ചയിച്ച് സംരക്ഷണഭിത്തി പുനർനിർമിക്കും. കോന്നി തഹസിൽദാർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ എന്നിവർ നാളെ സംയുക്ത പരിശോധന നടത്തും.

കലഞ്ഞൂർ പാലം വീതി കൂട്ടും, കൂടലിൽ ഓട പണിയും

കലഞ്ഞൂർ പാലത്തിന്റെ വീതി വർദ്ധിപ്പിക്കണമെന്ന് ജനീഷ് കുമാർ എം.എൽ.എ നിർദേശിച്ചു. അയ്യപ്പഭക്തർ വിരിവയ്ക്കുന്ന കലഞ്ഞൂർ ആൽത്തറ ജംഗ്ഷനിലേക്കുള്ള ഇരു വഴികളും കോൺക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കണം. കൂടൽ ജംഗ്ഷനിലും കൂടൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും കൂടൽ ക്ഷേത്രം ജംഗ്ഷനിലും ഓട നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധനയിൽ കരാറുകാരെ കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.


ഇഞ്ചപ്പാറ പെട്രോൾ പമ്പിന് സമീപം തോട് തടസപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന പാലം പരിശോധിക്കും. കോന്നി ചൈന മുക്കിൽ ഗുരു മന്ദിരത്തിന് സമീപത്തുകൂടി പോകുന്ന റോഡിൽ കലുങ്കിൽ നിന്നുള്ള വെള്ളം ഒഴുകുന്നത് കെ.എസ്.ടി.പിയുടെ ഓടയിലേക്ക് പരസ്പരം ബന്ധിപ്പിക്കാൻ എം.എൽ.എ നിർദേശം നൽകി. കോന്നി ടൗണിൽ സെൻട്രൽ ജംഗ്ഷനിൽ റൗണ്ടാന നിർമ്മിക്കണം. കോന്നി ടൗണിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി 21 ന് പൂർണമായും കണക്ഷൻ പുന:സ്ഥാപിക്കുമെന്ന് കരാറുകാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.