SignIn
Kerala Kaumudi Online
Monday, 25 May 2026 4.09 AM IST

മഴയത്തും പൊൻമുടിയിൽ തിരക്കോട് തിരക്ക്

bonakkad

വിതുര: മലയോര വനമേഖലകളിൽ വേനൽ മഴ ശക്തി പ്രാപിക്കുന്നു. കിണറുകളിലെ ജലനിരപ്പിനും മാറ്റം വന്നിട്ടുണ്ട്. നാട്ടിൻപുറങ്ങളെ അപേക്ഷിച്ച് പൊൻമുടി,ബോണക്കാട്,പേപ്പാറ,കല്ലാർ മേഖലയിൽ മഴ ശക്തമാണ്. വനത്തിൽനിന്നും നദികളിലേക്ക് മലവെള്ളപ്പാച്ചിലുണ്ട്. വനാന്തരങ്ങളിൽ കനത്ത മഴ പെയ്തതിനെതുടർന്ന് പാറകളും മരങ്ങളും ഒഴുകിയെത്തുകയാണ്. വാമനപുരം നദിയിലെ നീരൊഴുക്ക് ഉയർന്നിട്ടുണ്ട്.നദീ തീരങ്ങളിൽ അധിവസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്. മഴയത്ത് പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്.

വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ശക്തമായ മൂടൽ മഞ്ഞ് വീഴ്ചയുമുണ്ട്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് സഞ്ചാരികൾ ഒഴുകുകയാണ്. വാഹനപ്പെരുക്കം മൂലം പൊൻമുടിയും അപ്പർസാനിറ്റോറിയവും വീർപ്പുമുട്ടിലാണ്.പൊൻമുടി കല്ലാർ റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. മൂടൽമഞ്ഞ് വീഴ്ച 22 ഹെയർപിൻവളവ് താണ്ടി കല്ലാർ വരെ വ്യാപിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാൽ വാഹനങ്ങൾ ലൈറ്റ് തെളിച്ച് സഞ്ചരിക്കേണ്ട അവസ്ഥയാണ്. മഞ്ഞിന്റെ ആധിക്യവും വെളിച്ചക്കുറവും നിമിത്തം അപകടങ്ങളുമുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം പൊൻമുടി പത്താംവളവിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് വിഴിഞ്ഞം, വർക്കല സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. നാല് ദിവസം മുൻപ് പൊൻമുടി സന്ദർശനം കഴിഞ്ഞ് മടങ്ങിയ കല്ലറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മൂന്നാംവളവിന് സമീപം മറിഞ്ഞ് ഏഴ് വയസുള്ള വിദ്യാ‌ർത്ഥി മരണപ്പെട്ടിരുന്നു.

മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു

മഴയും, മലവെള്ളപ്പാച്ചിലും മുൻനിറുത്തി രണ്ട് ദിവസം മുൻപ് അടച്ചിട്ടിരുന്ന കല്ലാർ,മീൻമുട്ടി ഇക്കോടൂറിസം വീണ്ടും തുറന്നു. മഴയെ അവഗണിച്ച് ധാരാളം സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ വനംവകുപ്പിന് പാസ് ഇനത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. മലവെള്ളപ്പാച്ചിലിന് സാദ്ധ്യത നിലനിൽക്കുന്നതിനാൽ സഞ്ചാരികൾ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശമുണ്ട്. മഴ ഇനിയും കനത്താൽ പൊൻമുടിയുൾപ്പെടെ അടയ്ക്കാൻ സാദ്ധ്യതയുണ്ട്.

മരം വീണ് ബോണക്കാട്

റൂട്ടിൽ ഗതാഗതതടസം

ബോണക്കാട് വനമേഖലയിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് മരം കടപുഴകി റോഡിലേക്ക് പതിച്ച് ബോണക്കാട് വിതുര റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതതടസം അനുഭവപ്പെട്ടു. ബോണക്കാട് വഴുക്കൻപാറ ക്ഷേത്രത്തിന് സമീപം നിന്ന മരമാണ് കടപുഴകി വീണത്.വിതുരയിൽ നിന്നും ഫയർഫോ ഴ്സ്എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL