SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.05 AM IST

മഴയും മഹാമാരിയും വരിഞ്ഞുമുറുക്കി മലയോരം

cc

വിതുര: മലയോരമേഖലയിൽ കൊവിഡിന് തടയിടുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴും പിടിവിടാതെ രോഗവ്യാപനം. ദിനംപ്രതി രോഗികൾ കുതിച്ചുയരുകയാണ്. അരുവിക്കര നിയോജകമണ്ഡലത്തിലെ വിതുര, തൊളിക്കോട്, ആര്യനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ, അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിൽ കൊവിഡിനെ ചെറുക്കുന്നതിനായി വാ‌ർഡുതല കർമ്മസമിതികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വാമനപുരം മണ്ഡലത്തിലെ നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലും മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രോഗത്തെ തടയുന്നതിനായി സജീവമായി രംഗത്തുള്ള നിരവധി പൊലീസുകാർക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും കൊവിഡ് പിടിപെട്ടിട്ടുണ്ട്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്. വിതുര പൊലീസ് സ്റ്റേഷനിൽ മാത്രം സി.ഐക്കും എസ്.ഐക്കുമടക്കം 13 പേർക്ക് കൊവിഡ് ബാധിച്ചു. പത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും രോഗം പിടികൂടി. അരുവിക്കര നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള പഞ്ചായത്തുകൾ വിതുരയും ആര്യനാടുമാണ്. ആദിവാസി, തോട്ടം മേഖലകളിലും കൊവിഡ് പിടിമുറുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയുന്നത് രോഗവ്യാപനം വർദ്ധിക്കാൻ ഇടയായതായി പരാതിയുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളാണ് നടക്കുന്നത്. വിതുര പഞ്ചായത്തിലെ 17 വാ‌ർഡുകളും രണ്ടാഴ്ചയായി കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ 13 പേർ രോഗബാധകാരണം മരിച്ചു. തൊളിക്കോട് പഞ്ചായത്തിൽ ചായം, തുരുത്തി, ചെട്ടിയാംപാറ വാ‌ർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. 11 പേർ രോഗം ബാധിച്ച് മരിച്ചു. നിയുക്ത എം.എൽ.എ ജി. സ്റ്റീഫന്റെ നേതൃത്വത്തിൽ അരുവിക്കര മണ്ഡലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വാമനപുരം എം.എൽ.എ ഡി.കെ. മുരളിയും എട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും ശക്തമായി കളത്തിലുണ്ട്.

പെയ്തിറങ്ങി പെരുമഴ

മലയോരമേഖലയെ കൊവിഡ് വരിഞ്ഞുമുറുക്കുമ്പോഴും ഇവിടുത്തെ ജനങ്ങക്ക് ഇരട്ടിപ്രഹരമായി കനത്തമഴയും പെയ്തിറങ്ങുകയാണ്. കൊവിഡിന്റെ താണ്ഡവം മൂലം നട്ടം തിരിയുന്നതിനിടയിലാണ് മഴയുടെ വരവ്. ഇതോടെ ജനജീവിതം ദുസ്സഹമായി. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. റോഡുകൾവരെ വെള്ളത്തിൽ മുങ്ങി. മഴയെ തുടർന്ന് പൊൻമുടി-തിരുവനന്തപരും, ആര്യനാട്-വിതുര-പാലോട്-വിതുര-ആനപ്പെട്ടി-തോട്ടുമുക്ക്, വിതുര -തെന്നൂർ റോഡുകൾ താറുമാറായി. വ്യാപകമായ കൃഷിനാശവുമുണ്ട്. വാഴ, പച്ചക്കറി കൃഷികൾ വെള്ളം കയറി നശിച്ചു. ഇടവിട്ട് മണിക്കൂറുകളോളം ശക്തമായ തോതിലാണ് മഴ പെയ്യുന്നത്. മഴക്കൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിൽ കനത്ത നാശനഷ്ടമുണ്ടായി. മിന്നലേറ്റ് വൈദ്യുതി ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. അനവധി വീടുകളിലെ വയറിംഗ് കത്തി നശിച്ചു. ആദിവാസിമേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. വയൽനികത്തി നിർമ്മിച്ച വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങളും ഉണ്ടായി.

 കൊവിഡ് ബാധിതരുടെ എണ്ണം

വിതുര പഞ്ചായത്ത് - 409

അരുവിക്കര - 250

തൊളിക്കോട് - 155

ആര്യനാട് - 412

വെള്ളനാട് - 265

പൂവച്ചൽ - 322

കുറ്റിച്ചൽ - 221

ഉഴമലയ്ക്കൽ - 339

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.