SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.13 PM IST

ആക്കുളം കായലിനെ വിഴുങ്ങി കുളവാഴകൾ

1

 നിയന്ത്രണത്തിനായി ചെലവഴിച്ച കോടികൾ പാഴായി

പോത്തൻകോട്: നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വേളി ടൂറിസ്റ്റ് വില്ലേജും ആക്കുളം വിനോദസഞ്ചാര കേന്ദ്രവും സ്ഥിതിചെയ്യുന്ന ആക്കുളം കായലിനെ പൂർണമായും വിഴുങ്ങി കുളവാഴകൾ. വേളി ടൂറിസ്റ്റ് വില്ലേജിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ വേളി കായലിലെ ബോട്ടിംഗ് തടസപ്പെടുത്തുന്ന കുളവാഴശല്യം ഫലപ്രദമായി പ്രതിരോധിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരോ വർഷവും ആക്കുളം കായലിൽ കുളവാഴകൾ നിറയുമ്പോൾ ലക്ഷങ്ങളുടെ ടെൻഡർ നൽകി നിയന്ത്രണവിധേയമാക്കുമെങ്കിലും അടുത്ത വർഷം വീണ്ടും കുളവാഴകൾ കായലിൽ നിറയും. വർഷങ്ങളായി ചില സ്ഥാപനങ്ങൾക്ക് കീശ വീർപ്പിക്കാൻ നടത്തുന്ന ടെൻഡർ നടപടികളിൽ സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കുളവാഴകൾ ശേഖരിച്ച് കരയിലെത്തിച്ച് നശിപ്പിക്കുന്നതിനായി കോടികൾ മുടക്കി ജപ്പാനിൽ നിന്ന് വാങ്ങിയ ആധുനിക യന്ത്രം കണാമറയത്താണ്. തലസ്ഥാന നഗരത്തിലെ പ്രധാന ജലാശയവും സംസ്ഥാന ജലപാതയുടെ ഭാഗവുമായ ആക്കുളം കായൽ അധിനിവേശ സസ്യമായ കുളവാഴകൾ കൈയടക്കിയിട്ട് വർഷങ്ങൾ പലതായിരിക്കുകയാണ്. പലരാജ്യങ്ങളും കുഴവാഴ ഇല്ലായ്മ ചെയ്യാൻ ചെലവുകുറഞ്ഞ ധാരാളം പദ്ധതികൾ ഇതിനകം വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ പലയിടങ്ങളിലും കുളവാഴ പലരീതികളിലും ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. കുളവാഴയുടെ ഉണങ്ങിയ തണ്ടുകളുപയോഗിച്ച് കരകൗശല വസ്തുക്കൾ, ബാഗുകൾ, പായ, ഫർണിച്ചർ, പേപ്പർ തുടങ്ങിയവ നിർമ്മിക്കാം. ഒട്ടേറെപേർക്ക് തൊഴിലും ലഭിക്കും.

കുളവാഴ (എയ്ക്കോർണിയ ക്രാസിപെസ്)​

കുളവാഴ അഥവാ കാക്കപോള എന്നറിയപ്പെടുന്ന ഈ ജലസസ്യം തെക്കേ അമേരിക്കയിലാണ് ഉത്ഭവിച്ചത്. പിന്നീടിവ ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് മുഴുവൻ വ്യാപിച്ചു. ഒരാഴ്ച കൊണ്ട് ഇവ എണ്ണത്തിൽ ഇരട്ടിക്കും എന്നത് ഇവയുടെ വ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കും. ഇവ വെള്ളത്തിൽ പൊങ്ങിക്കിടന്നാണ് വളരുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാനായി ഇവയുടെ തണ്ടുകൾക്കിടയിൽ വായു നിറഞ്ഞ ധാരാളം അറകളുണ്ട്. പാരിസ്ഥിതികമായി പല ദുഷ്യങ്ങളുണ്ടെങ്കിലും വളരെ മനോഹരമായി പുഷ്പിക്കുന്ന ചെടികളാണിവ. പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നത്. മനോഹരമായ പുക്കൾ കാരണം വളർത്താനായാണ് ഇവയെ ഇന്ത്യയിലേക്ക് എത്തിച്ചത്.

സ്വാഭാവിക ജലാശയത്തിന്റെ നീരൊഴുക്ക് തടഞ്ഞ് ബോട്ട് സർവീസ്, മത്സ്യബന്ധനം തുടങ്ങിയവ ഈ സസ്യം തടസപ്പെടുന്നു. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ ഈ സസ്യം ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.

 കുളവാഴ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ

 ജലഗതാഗതം തടസപ്പെടുത്തുന്നു

 ജലാശയത്തിന്റെ നീരൊഴുക്കിനെ തടസപ്പെടുത്തുന്നു

 ജലജീവികൾക്ക് ഭീഷണി

 മത്സ്യബന്ധനത്തിന് തടസം

 സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.