തിരുവനന്തപുരം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിർമ്മാണം അറുപത് ശതമാനം പൂർത്തിയായിട്ടുണ്ട്. അടുത്ത ഏപ്രിലിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് നാട്ടുകാരുടെ പരാതി വ്യാപകമായതോടെയാണ് മന്ത്രി സ്ഥലത്ത് നേരിട്ടെത്തിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു. രണ്ടുവർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്ന പറഞ്ഞിരുന്നെങ്കിലും രണ്ടര വർഷം പിന്നിട്ടിട്ടും സർവീസ് റോഡ് നിർമ്മാണം പോലും പൂർത്തിയാകാത്ത അവസ്ഥയാണ്. കഴക്കൂട്ടം മുതൽ രണ്ടേ മുക്കാൽ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിർമ്മാണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |