തിരുവനന്തപുരം: മാസ്കോട്ട് ഹോട്ടലിൽ പൊതുജനങ്ങൾക്കായി റൂഫ് ടോപ്പ് റസ്റ്റോറന്റ് ഒരുങ്ങുന്നു. 90 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യങ്ങളോടെയാണ് റസ്റ്റോറന്റിന്റെ നിർമ്മാണം നടക്കുന്നത്. ഹോട്ടലിൽ താമസിക്കുന്നവർക്കും പുറമെ നിന്നുള്ളവർക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ടാകും.
തലസ്ഥാനത്ത് ആദ്യമായാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന റൂഫ് ടോപ്പ് റസ്റ്റോറന്റ് കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. പി.എം.ജി റോഡിൽ നിന്ന് നോക്കിയാൽ കാണാൻ കഴിയുന്ന ടവർ ബ്ലോക്കിന് മുകളിലാണ് റസ്റ്റോറന്റ് ഒരുങ്ങുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലാവധി അവസാനിക്കാറായ സമയത്താണ് റസ്റ്റോറന്റിന്റെ പണി ആരംഭിച്ചത്. എന്നാൽ ലോക്ക്ഡൗൺ കാരണം നീണ്ടുപോകുകയായിരുന്നു. മെനു, വില എന്നിവ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായിട്ടില്ല. നിലവിലെ ലോക്ക്ഡൗൺ സാഹചര്യം മാറുന്ന മുറയ്ക്ക് നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് അധികൃതർ ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |