കോവളം: എൻജിനിൽ പ്ലാസ്റ്റിക് കുടുങ്ങിയതിനെ തുടർന്ന് മീൻപിടിത്ത വള്ളം കടലിൽ കുടുങ്ങി. കോവളം സ്വദേശികളായ റഹീം, സത്താർ, ഷഫീഖ് എന്നിവർ സഞ്ചരിച്ചിരുന്ന വള്ളമാണ് പൂന്തുറ ഭാഗത്തെ കടലിൽ കുടുങ്ങിയത്. വിഴിഞ്ഞം തീരത്ത് നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട ഇവരുടെ വള്ളം പൂന്തുറ ഭാഗത്തെ കടലിൽ വച്ച് ഏഴുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്.
വള്ളം മുന്നോട്ട് പോകാത്തതിനെ തുടർന്ന് സമീപത്ത് കൂടി പോയ മത്സ്യത്തൊഴിലാളികളോട് സഹായം ചോദിച്ചുവെങ്കിലും ആരുമെത്തിയില്ല. കടലിൽ ശക്തമായ കാറ്റും മഴയുമുണ്ടായതിനാൽ പരിഭ്രാന്തിയിലായ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പൊലീസിൽ വിവരമറിയിച്ചു. ഇവർക്ക് ബോട്ടില്ലാത്തതിനെ തുടർന്ന് ഫിഷറീസിന്റെ മറൈൻ എൻഫോഴ്സ്മെന്റ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കോസ്റ്റൽ വാർഡൻമാരായ തദയൂസ്, സിൽവസ്റ്റർ, മറൈൻ എൻഫോഴ്സ്മെന്റിലെ പൊലീസുകാർ വിനോദ്, ലൈഫ് ഗാർഡുകളായ ജില്ലർ, ഫ്രഡി എന്നിവരെത്തി വള്ളത്തെ കെട്ടിവലിച്ച് കരയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |