തിരുവനന്തപുരം: വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിക്കുന്ന വിജ്ഞാന യാത്രയ്ക്ക് വട്ടിയൂർക്കാവിൽ തുടക്കമായി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായാണ് വിജ്ഞാന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ കൂട്ടായ്മയാണ് വൈബ്. വി.കെ. പ്രശാന്ത് എം.എൽ.എയുടെ കൈയിൽ നിന്നും പുസ്തകങ്ങൾ വാങ്ങിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പുസ്തക വില്പനയിലൂടെ ലഭിക്കുന്ന തുക പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിന് വിനിയോഗിക്കുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. ശാസ്തമംഗലം ശ്രീരംഗം ലെയ്നിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡി.ആർ. അനിൽ, ഡോ.കെ.എസ്. റീന, കൗൺസിലർ എസ്. മധുസൂദനൻ നായർ, മുൻ കൗൺസിലർ ബിന്ദു ശ്രീകുമാർ, ശശിധരൻ, വൈബ് പ്രസിഡന്റ് അഡ്വ. ആൻസി വർഗീസ്, സെക്രട്ടറി ആർ.എസ്. കിരൺദേവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |