SignIn
Kerala Kaumudi Online
Thursday, 25 April 2024 12.17 PM IST

പകർച്ചവ്യാധി ഭീതിയിൽ തലസ്ഥാനം

viral-diseases

നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണവും കൊതുക് നിവാരണവും പാതിവഴിയിൽ

തിരുവനന്തപുരം: തലസ്ഥാനം വീണ്ടും പകർച്ചവ്യാധി ഭീതിയിൽ. മാലിന്യസംസ്കരണവും കൊതുക് നിവാരണവും കാര്യക്ഷമമായി നടത്താത്തതാണ് പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള പ്രധാനകാരണം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള ഓടകൾ വൃത്തിയാക്കുന്ന ജോലികളും പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് ഓഫീസുകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ പലയിടത്തും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ല. അജൈവ മാലിന്യങ്ങൾ നഗരസഭയുടെ ശേഖരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നതും വെല്ലുവിളിയാണ്. ഇവിടെ കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യമുണ്ട്. കൂടാതെ കൊതുക് വഴി പടരുന്ന സിക്ക വൈറസ് രോഗം തലസ്ഥാനത്ത് സ്ഥിരീകരിച്ചത് തിരുവനന്തപുരം നഗരസഭയുടെ പരിധിയിലാണ്. കൃത്യമായി കൊതുക് നിർമ്മാർജനം നടക്കുന്നില്ലെന്നതിന്റെ തെളിവാണ് തലസ്ഥാനത്ത് ഇത്തരത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത്. എലിപ്പനി,​ ഡെങ്കിപ്പനി,​ ചിക്കുൻ ഗുനിയ,​ ചെള്ളുപനി എന്നിങ്ങനെയുള്ള പകർച്ചവ്യാധികളും ഇപ്പോൾ പടർന്ന് പിടിക്കുകയാണ്. നിലവിൽ 18പേർക്കാണ് നഗരസഭാ പരിധിയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി മുതലുള്ള കണക്കനുസരിച്ച് നഗരസഭാ പരിധിയിൽ 60 പേർക്ക് എലിപ്പനിയും 105 പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് 15പേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിക്കുകയും ചെയ്തു. ചിക്കൻ പോക്‌സ് - 240, ചിക്കുൻഗുനിയ - 94, ചെള്ളുപനി- 87 എന്നിങ്ങനെയാണ് മറ്റ് രോഗങ്ങൾ ബാധിച്ചവർ. പേരൂക്കട, ശാസ്തമംഗലം, കേശവദാസപുരം, വട്ടിയൂർക്കാവ് വാർഡുകളിലാണ് പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതോടൊപ്പം തീരദേശ വാർഡുകളായ ബീമാപള്ളി, വള്ളക്കടവ് എന്നിവിടങ്ങളിലും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. മെഡിക്കൽ കോളേജ്, കവടിയാർ, പേരൂർക്കട വാർഡുകളിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി ബാധിച്ചത്‌. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ പ്രത്യേക നഗരസഭ കൗൺസിൽ ചേരും. പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

പ്രധാന കാരണങ്ങൾ

നഗരത്തിൽ പലയിടങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടകുന്നു. ഇത് പഴകിയശേഷം മഴപെയ്യുമ്പോൾ റോഡിലേക്കും വീടുകളിലേക്കും ഒലിച്ചെത്തും. എലികൾ പെരുകുന്നതിന് ഇത് കാരണമാകുന്നുണ്ട്. മാരകമായ രോഗങ്ങൾക്കും ഇത് വഴിയൊരുക്കും.

മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായുള്ള ഓടകളുടെ നവീകരണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇത് കാരണം ഓടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നു.

ഓട നവീകരണത്തിന്റെ ഭാഗമായി ഓടയിൽ നിന്ന് കോരിയ മാലിന്യം ഓടകളുടെ വശത്ത് കൂട്ടിയിട്ടത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ തിരികെ ഓടകളിലേക്ക് ഒലിച്ചിറങ്ങി.

കൊതുക് നിവാരണവും പ്രതിരോധവും മന്ദഗതിയിലാണ്. ഫോഗിംഗ്,​ സ്പ്രേയിംഗ് തുടങ്ങിയവ കാര്യക്ഷമമല്ല. എല്ലാ വാർഡുകളിലും ഫോഗിംഗ് മെഷീൻ ഉണ്ടെങ്കിലും പലതും പ്രവർത്തനയോഗ്യമല്ല.

മഴക്കാല രോഗങ്ങളേയും പകർച്ചവ്യാധികളേയും കുറിച്ചുള്ള ബോധവത്കരണവും പ്രതിരോധ മരുന്ന് വിതരണവും നടക്കുന്നില്ല.

ജനുവരി മുതൽ ജൂൺ വരെയുള്ള

വിവിധ രോഗബാധിതരുടെ കണക്ക്

 എലിപ്പനി - 60

 ‌ഡെങ്കിപ്പനി - 105

 ചിക്കൻ പോക്സ് - 240

 ചിക്കൻഗുനിയ - 94

 ചെള്ളുപനി - 87

എലിപ്പനി ബാധിച്ച് 15 പേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു

 പ്രതികരണം

മഴക്കാല പൂർവശുചീകരണം കാര്യക്ഷമമായി നടന്നിട്ടില്ല. കൊതുക് നിവാരണവും പ്രതിരോധ നടപടികളും ഊർജിതമാക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് രൂപം നൽകും.

എം.ആർ. ഗോപൻ,​ തിരുമല അനിൽ

ബി.ജെ.പി കൗൺസിലർമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.