SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.40 PM IST

രണ്ട് നൂറ്റാണ്ടിന്റെ തലയെടുപ്പിൽ തിളങ്ങി അക്ഷരമാളിക

library

തിരുവനന്തപുരം: രണ്ട് നൂറ്റാണ്ടിന്റെ തലയെടുപ്പോടെ തലസ്ഥാനത്ത് ഉയർന്ന് നിൽക്കുകയാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയെന്ന അക്ഷരമാളിക. വായനയുടെ പുത്തൻ ആശയങ്ങളുമായി ഡിജിറ്റൽ ലോകം കടന്നുവന്നിട്ടും വായനയുടെ തനിമ നഷ്ടപ്പെടാതെ കൂടുതൽ ആളുകൾ എത്തിയിരുന്നതോടെ ലൈബ്രറി സജീവമായിരുന്നു. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടുകൂടി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെതന്നെ ആദ്യത്തെ പൊതു ഗ്രന്ഥശാലകളിൽ ഒന്നാണ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്ന തിരുവനന്തപുരം പബ്ലിക് ലൈബ്രറി. സ്വാതിതിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് 1829ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. 2018ലാണ് 20 വർഷത്തിന് ശേഷം അവസാനമായി ഒരു കോടി രൂപ ചെലവിൽ ലൈബ്രറി നവീകരിച്ചത്. കോളൻ ക്ലാസിഫിക്കേഷനിലാണ് ലൈബ്രറിയിൽ പുസ്തകങ്ങൾ സജ്ജീകരിച്ചിരുന്നത്. നവീകരണത്തിന്റെ ഭാഗമായി ഇത് ആധുനിക ലൈബ്രറികളിൽ ഉപയോഗിക്കുന്ന ഡീവി ഡെസിമൽ ക്ലാസിഫിക്കേഷനിലേക്കു മാറി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, സംസ്‌കൃതം എന്നിങ്ങനെ വിവിധ ഭാഷകളിലായി അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളുടെ ശേഖരം ലൈബ്രറിയിലുണ്ട്. സങ്കേതിക വിഭാഗം,​ സർക്കുലേഷൻ വിഭാഗം,​ ഇംഗ്ലീഷ് വിഭാഗം,​ മലയാള വിഭാഗം,​ തമിഴ്, ​ഹിന്ദി,​ സംസ്‌കൃതം വിഭാഗം,​റഫറൻസ് വിഭാഗം,​ കുട്ടികളുടെ വിഭാഗം,​ ക്ളോസ്ഡ് റഫറൻസ് വിഭാഗം,​ കേരള ഗസറ്റ് വിഭാഗം,​ മൾട്ടിമീഡിയ വിഭാഗം,​ ഡിജിറ്റൽ ലൈബ്രറി,​ബ്രിട്ടീഷ് ലൈബ്രറി ശേഖരം,​ റവന്യൂ റിക്കവറി വിഭാഗം എന്നീ വിഭാഗങ്ങൾ ലൈബ്രറിയിൽ ഉണ്ട്. 2006ൽ ഇവിടെ ഡിജിറ്റലൈസിംഗ് സംവിധാനം ആരംഭിച്ചു. 1903 മുതലുള്ള സർക്കാർ ഗസറ്റുകൾ ഇവിടെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഇവിടെ പുസ്തകങ്ങൾ ഓൺലൈനായി റിസർവ് ചെയ്യാനാകും. കാഴ്ചപരിമിതരായവർക്ക് ബ്രൈൽ ലിപി സംവിധാനവും ഓഡിയോ ബുക്കുകളുമുണ്ട്. കൂടാതെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് ഇവിടെ നടത്തുന്നുണ്ട്. പഴമയോടൊപ്പം നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി മുമ്പോട്ട് പോകുന്ന ഈ ലൈബ്രറി ചരിത്രത്തിന്റെ മറക്കാനാവാത്ത ഏടു കൂടിയാണ്.

തലയുയർത്തി 192 വർഷങ്ങൾ

ഇരുനിലകളിലായി സ്ഥാപിച്ചിരിക്കുന്ന ലൈബ്രറി സർക്കാർ ചുമതലയിലെ ആദ്യഗ്രന്ഥശാലയാണ്. 192 വർഷം പിന്നിടുമ്പോഴും അതേ തനിമയിൽ തന്നെ ലൈബ്രറി ഇന്നും നിലകൊള്ളുകയാണ്. വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സ്മാരകമായാണ് ലൈബ്രറി സ്ഥാപിച്ചത്. ലഫ്. കേണൽ എഡ്വേഡ് കടോഗനാണ് ആദ്യകാലങ്ങളിൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വളരെക്കുറച്ച് അംഗങ്ങളുമായി 1847ൽ ലൈബ്രറി ഒരു രജിസ്റ്റേട് സൊസൈറ്റിയായി മാറി. പിന്നീട് 1894ൽ ജോയിന്റ് സ്റ്റോക്ക് കമ്പനിയായി രജിസ്റ്റർ ചെയ്ത സൊസൈറ്റി പബ്ളിക് ലൈബ്രറി അസോസിയേഷനായി. ഈ അസോസിയേഷനെ 1897ൽ ഒരു കരാർ പ്രകാരം തിരുവിതാംകൂറിന് കൈമാറി. അന്നു ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പ്രസിഡന്റായും സ്റ്റേറ്റ് ലൈബ്രേറിയൻ കൺവീനറായും സാംസ്‌കാരിക നായകന്മാർ അംഗങ്ങളുമായി ഒരു സമിതിയാണ് ഇപ്പോൾ ഭരണച്ചുമതല നിർവഹിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായാണ് ഇപ്പോൾ ലൈബ്രറി പ്രവർത്തക്കുന്നത്. മഹാകവി ഉള്ളൂർ എസ്. പരമേശ്വര അയ്യർ ലൈബ്രറിയിലെ അഡ്വൈസറി കമ്മിറ്രി അംഗമായിരുന്നു.

 ലൈബ്രറി പ്രവർത്തനമാരംഭിച്ചത് - 1829

 വിവിധ ഭാഷകളിലായി 5 ലക്ഷത്തോളം

പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്

 പുരാതന ലൈബ്രറിയായതുകൊണ്ടു തന്നെ ഇവിടത്തെ ശേഖരണങ്ങൾ വിലമതിക്കാനാകാത്തതാണ്. ലോകത്ത് ഒരു സ്ഥലത്തും കിട്ടാത്ത പുസ്തക ശേഖരങ്ങൾ ഇവിടെയുണ്ട്. 1569ലുള്ള പുസ്തകവും ഇവിടെയുണ്ട്.

പി.കെ ശോഭന,​ സ്റ്റേറ്ര് ലൈബ്രേറിയൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.