SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.14 PM IST

ടോൾ പിരിവ്: പ്രതിഷേധം അലയടിച്ച് ഹൈവേ മാർച്ച്; ടോൾ പിരിക്കുമെന്ന് അധികൃതർ

toll

തിരുവനന്തപുരം: തിരുവല്ലത്ത് ടോൾ പിരിവിനെതിരെയുള്ള പ്രതിഷേധത്തിന് അയവില്ല. ഇന്നലെയും രണ്ട് സംഘടനകളുടെ നേതൃത്വത്തിൽ ടോൾ ബൂത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്നോട്ടുപോകില്ലെന്ന നിലപാടിലാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ പ്രതിഷേധമുണ്ടായാലും ടോൾ പിരിക്കുമെന്നാണ് അധികൃതരുടെ പക്ഷം. ഈ നീക്കത്തിനെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ. ഇന്നലെ രാവിലെ മുതൽ തന്നെ പ്രതിഷേധക്കാർ സ്ഥലത്തുണ്ടായിരുന്നതിനാൽ ടോൾ പരിവ് നടന്നില്ല.

സംസ്ഥാന സർക്കാർ നിലപാടെടുത്താൽ കേന്ദ്രം വഴങ്ങും: ഉമ്മൻ ചാണ്ടി

തിരുവല്ലത്തെ ടോൾ പിരിവിനെതിരെ സംസ്ഥാന സർക്കാർ നിലപാടെടുത്താൽ കേന്ദ്രം വഴങ്ങുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തിരുവല്ലത്തെ ടോൾ പിരിവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച ഹൈവേ മാർച്ചിന്റെ സമാപനം ടോൾ പ്ളാസയ്ക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടോൾ പിരിവിനെതിരെ നടക്കുന്ന സമരം ന്യായമാണ്. 46 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 22 കിലോമീറ്റർ ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. പണി തീരാതെ ടോൾ പിരിക്കുന്നത് ന്യായമായ കാര്യമല്ല. സ്ഥലം ഏറ്റെടുക്കുമ്പോൾത്തന്നെ സമീപവാസികൾക്ക് ടോളിൽ നിന്ന് ഒഴിവാക്കാനുള്ള പരിഗണന നൽകണമെന്ന ആവശ്യമുണ്ടായിരുന്നു. ഈ വിഷയങ്ങൾക്ക് സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്താൽ പരിഹരിക്കാൻ സാധിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂറായിരുന്നു ജാഥ ക്യാപ്ടൻ. വിഴിഞ്ഞം മുതൽ ടോൾ പ്ളാസ വരെ ആറ് കിലോമീറ്റർ കാൽനടയായിട്ടായിരുന്നു മാർച്ച്. വിഴിഞ്ഞത്ത് മാർച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട്, സംസ്ഥാന നേതാക്കളായ വിനോദ് കോട്ടുകാൽ, നേമം ഷജീർ, ചിത്രാദാസ്, പാളയം ശരത്ത്, എസ്.ടി. അനീഷ്, മഹേഷ് ചന്ദ്രൻ, ജെ.എസ്. അഖിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കെ.പി.സി.സി സെക്രട്ടറിമാരായ ജി. സുബോധൻ, കെ.എസ്. ഗോപകുമാർ, ഡി.സി.സി ട്രഷറർ അഭിലാഷ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

 കേരള കോൺഗ്രസ് (എം) ഉപരോധം

പണി തീരാത്ത റോഡിന് ടോൾ പിരിക്കുന്നതിനെതിരെ കേരള കോൺഗ്രസ് (എം) നേമം നിയോജക മണ്ഡലം കമ്മിറ്റി തിരുവല്ലം ടോൾ പ്ലാസ ഉപരോധിച്ചു. ഉപരോധസമരം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ ഉദ്ഘാടനം ചെയ്തു.

പട്ടാപ്പകൽ കവർച്ചയ്ക്ക് ഇറങ്ങുന്നതാണ് പണി തീരാത്ത റോഡിന് ടോൾ പിരിക്കുന്നതിനെക്കാൾ നല്ലതെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് നേമം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്.എസ്. മനോജ് കമലാലയം, ജോസ് പ്രകാശ്, അഡ്വ. സതീഷ് വസന്ത്, കെ.ജെ.എം അഖിൽ ബാബു, പാലിയോട് സദാനന്ദൻ, ശാന്തകുമാർ, അമൃതകുമാർ, ചാക്ക ഹരിദാസ്, ബീമപള്ളി മാഹീൻ, പീറ്റർ ഗുലാസ്, കോവളം മൂർത്തി, സന്തോഷ് യോഹന്നാൻ, സജിമോൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, TOLL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.