കഴക്കൂട്ടം: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഫ്ളൈഒാവറായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട്. അടുത്തവർഷം മാർച്ചിൽ ഗതാഗതത്തിനായി തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാണക്കമ്പനി. ഒക്ടോബറിൽ ജോലികൾ തീർക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളും പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ ലഭ്യതക്കുറവും തിരിച്ചടിയായതോടെ നിർമ്മാണം മന്ദഗതിയിലാകുകയായിരുന്നു.
സാഹചര്യം അനുകൂലമായതോടെ രാത്രിയും പകലും കൂടുതൽ ജീവനക്കാരെയെത്തിച്ച് പണികൾ പൂർത്തിയാക്കുന്ന തിരക്കിലാണ് കമ്പനി അധികൃതർ. 2019 ഫെബ്രുവരിയിലാണ് ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രി വരെ 2.72 കിലോമീറ്റർ നീളത്തിൽ ഹൈവേ നിർമ്മാണം ആരംഭിക്കുന്നത്. തിരക്കേറിയ ഐ.ടി നഗരത്തിലെ ട്രാഫിക് കുരുക്ക് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ആർ.ഡി.എസ് - സി.വി.സി.സി കമ്പനികൾക്കാണ് നിർമ്മാണച്ചുമതല.
ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ കഴക്കൂട്ടം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഗർഡറുകൾ സ്ഥാപിച്ചു. കഴക്കൂട്ടത്തിനും സി.എസ്.ഐ മിഷൻ ആശുപത്രിക്കുമിടയിലുള്ള രണ്ടാം ഘട്ടത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രെയിൻ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.
നിർമ്മാണം
----------------------------------
നിലവിലെ ദേശീയപാത റോഡിന്റെ മീഡിയനിൽ ഒറ്റത്തൂണുകളിൽ നാലുവരിപ്പാതയായാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. റോഡിന്റെ മദ്ധ്യഭാഗത്ത് 35 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലും നിർമ്മിക്കുന്ന 60 തൂണുകൾ ചേർന്ന സ്പാനുകളും റോഡിലേക്ക് വന്നിറങ്ങുന്നതിനനുസരിച്ചുള്ള ചെരിവിന് ആനുപാതികമായി ഉയരത്തിലും മറ്റും വ്യത്യാസമുള്ള 19 തൂണുകൾ ചേർന്ന സ്പാനുകളുമുള്ള നാലുവരിപ്പാതയാണ് ഇതിലുള്ളത്. ആകെ 79 സ്പാനുകളിലായി 280 കോൺഗ്രീറ്റ് ഗർഡറുകളാണ് (ഡക്ക് സ്ളാബുകൾ) സ്ഥാപിക്കുന്നത്. 50 ടൺ വീതം ശേഷിയുള്ള രണ്ട് ഭാഗങ്ങളുള്ള ക്രെയിൻ കൂറ്റൻ ജനറേറ്ററുകളുടെ സഹായത്തോടെ പാളത്തിൽ സഞ്ചരിച്ചാണ് ഓരോ ഡക്ക് സ്ളാബും സ്പാനുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. രണ്ട് സ്പാനുകൾക്കിടയിൽ 7 ഗർഡറുകളാണ് സ്ഥാപിക്കുന്നത്. എലിവേറ്റഡ് ഹൈവേയുടെ താഴെയുള്ള ദേശീയപാതയ്ക്കും 45 മീറ്ററാണ് വീതി.
79 തൂണുകൾ ചേർന്ന സ്പാനുകളുടെ നിർമ്മാണം പൂർത്തിയായി.
സ്പാനുകൾ തമ്മിലുള്ള അകലം 25- 30 മീറ്റർ
നാലുവരിപ്പാതയിലെ ഓരോ വരിയുടെയും വീതി 9.5 മീറ്റർ
നടപ്പാതയ്ക്കും കേബിൾ ലൈനുകൾക്കും സൗകര്യം
റോഡിന്റെ നീളം - 2.71 കിലോമീറ്റർ വീതി - 45 മീറ്റർ
പദ്ധതി തുക - 198 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |