തിരുവനന്തപുരം: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പരാതികൾക്ക് പരിഹാരമാകുന്നു. പൊളിഞ്ഞു കിടക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ നവീകരണത്തിന് തുടക്കമായി. മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റൽ, ലേഡീസ് ഹോസ്റ്റൽ എന്നിവയുടെ ടോയ്ലെറ്റ്, വാതിലുകൾ, ജനാലകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. മറ്റ് പ്രവൃത്തികൾ പുരോഗമിക്കുന്നു.
പി.ജി ലേഡീസ് ഹോസ്റ്റലിലെ ടോയ്ലെറ്റുകളുടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. ചുറ്റുമതിൽ പുനർനിർമ്മാണവും നടത്തും. പി.ജി വനിതാ ഹോസ്റ്റലിന്റെ പുറംഭാഗത്ത് ചുറ്റുമതിലും സെക്യൂരിറ്റി ക്യാബിനും വേണമെന്നത് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യമാണ്. ഇതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി, ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. വനിതാ പി.ജി ഹോസ്റ്റലിന്റെ മുൻവശത്ത് സ്ട്രീറ്റ് ലൈറ്റ്, ഹോസ്റ്റൽ പരിസരങ്ങളിൽ സി.സി ടി.വി കാമറ എന്നിവ സ്ഥാപിക്കും.
ഹോസ്റ്റൽ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബർ 24 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി ഹോസ്റ്റൽ സന്ദർശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗം പണി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |