നെടുമങ്ങാട്: നൂറ്റാണ്ടിന്റെ നിറവിലെത്തിയ നെടുമങ്ങാട് കോടതിക്ക് പൊൻതൂവലായി പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളുടെ കേസുകൾ പരിഗണിക്കാൻ മാത്രമായി സ്പെഷ്യൽ കോടതി അനുവദിച്ചു. തലസ്ഥാന ജില്ലയിൽ എസ്.സി/ എസ്.ടി വിഭാഗങ്ങൾ വാദിയായോ പ്രതിയായോ ചേർക്കപ്പെട്ടിട്ടുള്ള മുഴുവൻ കേസുകളും ഇനിമുതൽ ഈ സ്പെഷ്യൽ കോടതിയാവും വിചാരണ നടത്തുക.
മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണൽ കോടതി (എം.എ.സി.ടി) അനുവദിച്ചെങ്കിലും തസ്തിക ലഭിച്ചിട്ടില്ല. നിലവിലെ കോടതികളിൽ നിന്ന് ജഡ്ജി, സൂപ്രണ്ട്, ക്ലർക്ക് മുതലായ തസ്തികകളിൽ ക്രമീകരണം ഏർപ്പെടുത്തി അടിയന്തര സ്വഭാവത്തോടെ എസ്.സി/ എസ്.ടി സ്പെഷ്യൽ കോടതി തുടങ്ങാനാണ് ഹൈക്കോടതി നിർദേശം നല്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി അഡ്വ. ജി.ആർ. അനിലിന്റെ മേൽനോട്ടത്തിൽ നഗരസഭ കൗൺസിലും ബാർ അസോസിയേഷനും മുൻകൈയെടുത്ത് കോടതിക്ക് ഇണങ്ങിയ കെട്ടിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുതുവത്സരത്തിൽ പ്രവർത്തനക്ഷമമാക്കാനാണ് ആലോചന. കഴിഞ്ഞ വർഷം കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പോക്സോ കോടതിയും നെടുമങ്ങാടിന് ലഭിച്ചിരുന്നു.
എസ്.സി/എസ്.ടി കോടതിക്ക് നഗരമദ്ധ്യത്തെ കമ്മ്യൂണിറ്റി ഹാൾ അനുവദിക്കാൻ ആലോചനയുള്ളതായി അറിയുന്നു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവന്റെ നിർദേശപ്രകാരം കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്.
ഈ കോടതി കൂടി വന്നാൽ
നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ കോടതികളുടെ എണ്ണം നാലായി ഉയരും. സബ് കോടതി, മജിസ്ട്രേട്ട് കോടതി -2, മുൻസിഫ് കോടതി -2, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി, പോക്സോ കോടതി എന്നിവയാണ് നിലവിലുള്ള കോടതികൾ.
10 കോടതികളുടെ ആസ്ഥാനം, തുടക്കം കച്ചേരിനടയിലെ ഒറ്റമുറിയിൽ നിന്ന്
1928ൽ വാടക കെട്ടിടത്തിൽ ആരംഭിച്ച മുൻസിഫ് മജിസ്ട്രേട്ടാണ് നെടുമങ്ങാട്ടെ ആദ്യ കോടതി. നിലവിൽ അനുവദിക്കപ്പെട്ട കോടതികളുടെ എണ്ണം പത്താണ്. എന്നാൽ എട്ടെണ്ണമേ പ്രവർത്തിക്കുന്നുള്ളു. എട്ടു പതിറ്റാണ്ടോളം കച്ചേരിനടയിലെ ഒറ്റമുറി കെട്ടിടത്തിലായിരുന്നു കോടതികളുടെ പ്രവർത്തനം. രണ്ടു നില കൂടി പണിതിട്ട് ഇരുപത് വർഷമാവുന്നതേയുള്ളൂ. ഫോറസ്റ്റ് കോടതി രണ്ടു കി.മീറ്ററോളം മാറി മേലാങ്കോട്ട് നഗരസഭ കെട്ടിടത്തിലാണ് പ്രവർത്തനം.
സ്ഥലസൗകര്യം ലഭ്യമാക്കിയാൽ സ്പെഷ്യൽ കോടതി ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാകും. ആധുനിക സൗകര്യങ്ങളോടെ കോടതി സമുച്ഛയം യാഥാർത്ഥ്യമാക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്.
അഡ്വ. കോലിയക്കോട് സി.ഒ മോഹൻകുമാർ (മുതിർന്ന അഭിഭാഷകൻ)
അഡ്വ. ഉവൈസ്ഖാൻ (പ്രസിഡന്റ്, ബാർ അസോസിയേഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |