SignIn
Kerala Kaumudi Online
Friday, 19 April 2024 5.26 PM IST

പൊന്മുടി താഴ്വരയിൽ 'ഹൈടെക് ' വൈഡൂര്യ ഖനനം

photo

ലക്ഷങ്ങൾ വിലമതിക്കുന്ന വൈഡൂര്യക്കല്ലുകൾ കടത്തിയെന്ന് സൂചന

നെടുമങ്ങാട്: വൈഡൂര്യ ഖനനത്തിന് കുപ്രസിദ്ധി നേടിയ പൊന്മുടിമലയുടെ താഴ്വാരത്തിൽ വീണ്ടും ഖനനം സ്ഥിരീകരിച്ചു. പിക്കാസും മൺവെട്ടിയും ഉപയോഗിച്ച് നടത്തിയിരുന്ന ഖനനം ഇക്കുറി 'ഹൈടെക് ' സാങ്കേതിക വിദ്യകളെ കൂട്ടുപിടിച്ചാണ്. ലക്ഷങ്ങൾ വിലവരുന്ന വൈഡൂര്യം കടത്തിയതായാണ് ലഭ്യമായ വിവരം. എന്നാൽ ഇക്കാര്യം വനംവകുപ്പ് അധികൃതർ നിഷേധിച്ചു.

പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമായ പെരിങ്ങമ്മല, കല്ലാർ സെക്ഷനുകളുടെ അതിർത്തിയിലെ മണച്ചാല തോടിന്റെ കരയിലാണ് ഖനനം സ്ഥിരീകരിച്ചത്. അഞ്ച് വർഷം മുമ്പ് ഇവിടെ ഖനനം നടത്തിയ കേസിൽ ഭരതന്നൂർ സ്വദേശിയും സംഘവും അറസ്റ്റിലായിരുന്നു. അന്ന് പൂർത്തിയാക്കാൻ കഴിയാതെ പോയ കുഴികൾക്ക് സമീപത്തായി നാലരയടി ചുറ്റളവിലും 12 അടി താഴ്ചയിലുമുള്ള കുഴിയാണ് ഇപ്പോൾ കണ്ടെത്തിയത്. ജനറേറ്ററുകൾ, പമ്പുസെറ്റുകൾ, ഡ്രില്ലിംഗ് മെഷീനുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഖനനം.

ഒരു മാസത്തോളമായി നടന്ന പാറ പൊട്ടിക്കലും കുഴിക്കലും പുറംലോകം അറിഞ്ഞത് ആദിവാസികളിൽ നിന്നാണ്. തോരാമഴയുടെയും മണ്ണിടിച്ചിലിന്റെയും ആശങ്ക മുതലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ കൊല്ലം സി.സി.എഫ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഇതിന് തൊട്ടുമുമ്പ് വരെ പ്രദേശത്ത് ഖനനം നടന്നിരുന്നതായി സൂചനയുണ്ട്. ഇതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ കാട്ടിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെടുത്തു.

ഖനനം തുടർക്കഥ

ബ്രൈമൂർ എസ്റ്റേറ്റിന്റെ തലയ്ക്കലുള്ള മണച്ചാല ക്ഷേത്ര പരിസരത്ത് നിന്ന് ഉത്ഭവിച്ച് കല്ലാറിൽ ചേരുന്ന തോടിന്റെ ഓരം ചേർന്നാണ് പതിറ്റാണ്ടുകളായുള്ള വൈഡൂര്യ ഖനനം. പത്ത് തവണയെങ്കിലും ഈ ഭാഗത്ത് ഖനനം നടന്നതായി പരിസരവാസികൾ പറയുന്നു. എന്നാൽ നാലുതവണ എന്നാണ് വനംവകുപ്പിന്റെ രേഖ. ക്ഷേത്രത്തിന് മുന്നിലായി വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് നോക്കുകുത്തിയായി സ്ഥാപിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പ് കാട്ടുപോത്തിനെ വെടിവച്ചതിന് തോക്കുൾപ്പടെ മൂന്നംഗ സംഘത്തെ ഇതിനടുത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ച് വനപാലകരെ പിൻവലിച്ചു. നാല് ഭാഗവും ആനക്കിടങ്ങു കുഴിച്ച് സുരക്ഷിതമായ ഭാഗത്താണ് ലക്ഷങ്ങൾ ചെലവഴിച്ച ഷെഡ് നിർമ്മിച്ചിരിക്കുന്നത്.

ക്യാമ്പ് ഷെഡ് അടച്ചിട്ടത് സംശയകരം

ബീറ്റ് ഫോറസ്റ്റ് ഓഫീസറും മൂന്ന് വാച്ചർമാരും അടങ്ങുന്ന ടീമിനെയാണ് ക്യാമ്പ് ഷെഡിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ഇവരെ പിൻവലിച്ചതിന് ശേഷം വൈഡൂര്യ ഖനനം ഊർജിതമായെന്നാണ് ആക്ഷേപം. ക്യാമ്പ് ഷെഡ് വരെയും വാഹനമെത്തും. ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ഖനന മേഖല. ജനറേറ്ററുകളും മോട്ടോറും മറ്റ് മെഷീനുകളും വാഹനത്തിലാണ് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. ക്യാമ്പ് ഷെഡിന് മുന്നിലൂടെയാണ് സംഘം എത്തിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പൊതുപ്രവർത്തകർ എന്ന മേൽവിലാസത്തിൽ ഏതാനും ചില വ്യാപരികളാണ് വനപാലകരെ കൂട്ടുപിടിച്ച് ഖനനം പുനരാരംഭിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും ആരോപിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.