SignIn
Kerala Kaumudi Online
Saturday, 20 April 2024 3.47 AM IST

ആനത്തറി നിർമ്മാണത്തിൽ അപാകതകളേറെ മദകാലത്തും സുരക്ഷയില്ലാതെ ആനകൾ

ana

ചിറയിൻകീഴ്: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടുംതറികൾ ഉപയോഗയോഗ്യമല്ലാതായതോടെ ശാർക്കര ക്ഷേത്രത്തിന്റെ പെരുമയായ ഗജവീരന്മാർക്ക് മദകാലത്തുപോലും സുരക്ഷിത താവളമില്ലാത്ത അവസ്ഥ. ക്ഷേത്രത്തിലെ ആനകളായ ചന്ദ്രശേഖരനും ആഞ്ജനേയനും നിലവിൽ മഴയും വെയിലുമേറ്റ് സമീപത്തെ തെങ്ങുംപുരയിടത്തിലാണ് തളയ്ക്കപ്പെട്ടിരിക്കുന്നത്. അതിൽ ചന്ദ്രശേഖരനാകട്ടെ മദപ്പാടിലും.

ഏറെ നാളത്തെ കാത്തിരിപ്പിനും നിവേദനങ്ങൾക്കും ഒടുവിലാണ് ശാർക്കരയിൽ ദേവസ്വത്തിന്റെ അധീനതയിലുള്ള ഭഗവതി കൊട്ടാരത്തിന് (പഴയ പൊലീസ് സ്റ്റേഷൻ) സമീപത്തായി രണ്ട് ആനത്തറികൾ നിർമിച്ചത്. ഇരുപത് ലക്ഷത്തോളം രൂപ ചെലവിട്ട് 9 മീറ്റർ ഉയരത്തിലായിരുന്നു നിർമ്മാണം. എന്നാൽ അപാകതകൾ കാരണം പണിപൂർത്തിയായിട്ടും കുറേക്കാലം ആനകളെ ഇവിടെ തളയ്ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനെച്ചൊല്ലിയുള്ള പരാതികൾ രൂക്ഷമായതോടെ പലതും പരിഹരിച്ചെങ്കിലും ശരിയാകാൻ ഇനിയുമുണ്ട് ഏറെ.

തറിയിൽ ആനകളുടെ പിൻകാലുകൾ കെട്ടിയുറപ്പിക്കുന്ന ഭാഗം കല്ലുകൾ ഇളകി കുഴിഞ്ഞതിനാൽ ഇവിടെ മൂത്രമടക്കമുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇതുകാരണം മദപ്പാടിലായ ചന്ദ്രശേഖരനെ തറിയിലേക്ക് മാറ്റാൻ സാധിക്കുന്നില്ല. ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തെ തെങ്ങിൻപുരയിടത്തിലാണ് ഇപ്പോൾ ആനകളെ തളയ്ക്കുന്നത്. റ‌ോഡരികിലുള്ള പുരയിടമായതിനാൽ മദപ്പാട് സമയത്ത് ആനകളെ ഇവിടെ തളയ്ക്കുന്നത് അപകടമാണ്. മാത്രമല്ല പ്രായവും രോഗവും അലട്ടുന്ന ചന്ദ്രശേഖരന് സുരക്ഷിതമായ താവളം ഒരുക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

 ജനങ്ങളുടെയും സുരക്ഷ ആശങ്കയിൽ

മദപ്പാടിലുള്ള ആനയെ റോ‌ഡിന് സമീപമുള്ള പറമ്പിൽ തളച്ചിരിക്കുന്നതിനാൽ യാത്രക്കാരുടെ നേർക്ക് ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ളവ വലിച്ചെറിയാനുള്ള സാദ്ധ്യതയുണ്ട്. മുൻകാലങ്ങളിൽ ഇത്തരത്തിൽ വഴിയാത്രക്കാർക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനോടൊപ്പം ആനയുടെ പരിചരണത്തിനും ഇപ്പോഴുള്ള സ്ഥലം മതിയാകില്ല.

പുതിയ തറിയിൽ മാറാനുണ്ടേറെ

ആനത്തറിയുടെ സമീപത്തെ കിണറിൽ ആവശ്യത്തിന് വെള്ളമില്ലാത്തതും ഇവിടെ ആനകളെ കെട്ടുന്നതിനുള്ള പ്രധാന തടസമാണ്. മുമ്പുണ്ടായിരുന്ന വലിയ കിണറിൽ ചെറിയ ഉറകളിറക്കിയതു കാരണമാണ് ജലദൗർലഭ്യം ഉണ്ടാകുന്നതെന്നാണ് ആരോപണം. മാത്രമല്ല തറി സ്ഥിതിചെയ്യുന്ന സ്ഥലം പഴയ പൊലീസ്‌ സ്റ്റേഷൻ പരിസരമായതിനാൽ തൊണ്ടിമുതലായി പിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമിവിടെയുണ്ട്. ഇവയെ പൂർണമായും ഇവിടെനിന്ന് നീക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. അതിനാൽത്തന്നെ ഇഴജന്തുക്കളുടെയും മറ്റും വിഹാര കേന്ദ്രമാണിവിടം. പോരാത്തതിന് പരിസരം മുഴുവൻ കാടുമൂടിയതും മറ്റൊരു പ്രശ്നമാണ്.

"ശാർക്കരയിലെ ആനകളുടെ ദുരിതം ഇനിയും വർദ്ധിപ്പിക്കരുത്. സുരക്ഷിതമായ തറികളിലേക്ക് ആനകളെ മാറ്റാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണം. "

അനിൽ ചാമ്പ്യൻസ്

(വ്യാപാരി വ്യവസായി ഏകോപന സമിതി

ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.