SignIn
Kerala Kaumudi Online
Thursday, 25 April 2024 5.22 PM IST

തലസ്ഥാന നഗരവികസനത്തിന് മാസ്റ്റർ പ്ലാൻ ഉടൻ

tvm

 ഗ്രീൻ സോണുകളുടെ എണ്ണം കൂടും  വെള്ളക്കെട്ട് തടയാൻ കർശന നടപടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരവികസനത്തിനായുള്ള മാസ്റ്റർപ്ലാൻ അവസാനഘട്ടത്തിലേക്ക്. ടൗൺ പ്ലാനിംഗ് വിഭാഗം തയ്യാറാക്കുന്ന മാസ്റ്റർപ്ലാനിന്റെ നടപടികൾ വൈകാതെ പൂർത്തിയാകുമെന്നാണ് വിവരം. ദുരന്തനിവാരണത്തിന് പ്രാധാന്യം നൽകുന്ന മാസ്റ്റർപ്ലാനിൽ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള കർശന നിർദ്ദേശങ്ങളുണ്ടാകും. ഗൗരീശപട്ടം, കുണ്ടമൺകടവ്, മുടവൻമുഗൾ, ജഗതി, ആറ്റുകാൽ അടക്കമുളള സ്ഥലങ്ങളിൽ ഇനിയൊരു വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കാകും മുൻതൂക്കം. നഗരത്തിലെ വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും മറികടക്കാൻ സ്‌പോഞ്ച് സിറ്റി പദ്ധതി കൊണ്ടുവരണമെന്ന നഗര ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശം ടൗൺ പ്ലാനിംഗ് വിഭാഗം ഗൗരവത്തിലെടുത്തിട്ടുണ്ട്. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള കൈവഴികൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് പുനക്രമീകരിക്കുകയോ​ അതിന് കഴിഞ്ഞില്ലെങ്കിൽ പുതിയ കൈവഴികൾ ക്രമീകരിക്കുകയോ ചെയ്യണം. മാലിന്യങ്ങൾ ജലസ്രോതസുകളിലും പൊതുയിടങ്ങളിലും നിക്ഷേപിക്കുന്നത് ഒഴിവാക്കി മാലിന്യ നിർമാർജ്ജനത്തിന് മികച്ച വഴി കണ്ടെത്തണം തുടങ്ങിയ നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. പദ്ധതി വിഭാവനം ചെയ്‌താൽ നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് മുക്തമാക്കാമെന്നാണ് കണക്കുകൂട്ടൽ.

സ്പോഞ്ച് സിറ്റി പദ്ധതി


പുറത്ത് കെട്ടിനിൽക്കുന്ന ജലം അകത്തേക്ക് വലിച്ചെടുക്കുന്ന ക്രമീകരണമാണ് സ്പോഞ്ച് സിറ്റി പദ്ധതി. ആദ്യഘട്ടമെന്നനിലയിൽ ഓടകളുടെ നവീകരണമാണ് നടപ്പാക്കേണ്ടത്. വെള്ളത്തിന് കൃത്യമായി ഒഴുകിപ്പോകാനുള്ള വീതി ഓടകളിൽ വേണം. ഒഴുക്ക് തടസപ്പെടരുത്, കൃത്യമായ സ്ഥലത്തുള്ള ഓടകളുടെ നിർമ്മാണം എന്നിവയാണ് നിർദ്ദേശത്തിൽ പരാമർശിക്കുന്നത്.

തീരങ്ങൾ ഗ്രീൻസോണുകളാകും

വെള്ളപ്പൊക്കം തടയുന്നതിനും പ്രകൃതിദത്ത സസ്യജാലങ്ങളെ നിലനിറുത്തുന്നതിനും സംരക്ഷണം ആവശ്യമുള്ള പ്രദേശങ്ങൾ ഗ്രീൻ സോണുകളാകും. അതേസമയം, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഗ്രീൻസോണുകൾ പലതും ഒഴിവാകും. അന്തിമ മാനദണ്ഡം നിശ്ചയിക്കുന്നതിന് വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയാണ്. 2018ലെ പ്രളയത്തിൽ നഗരത്തിൽ വെളളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ഭൂരിഭാഗവും കരമന നദി, കിള്ളിയാർ, ആമയിഴഞ്ചാൻ തോട് തുടങ്ങിയ ജലസ്രോതസുകളുടെ സംരക്ഷണത്തിനായി നിർദ്ദേശിക്കപ്പെട്ട ഗ്രീൻ ബെൽറ്റ് ഏരിയയിൽ വരുന്നതായിരുന്നു. ഇക്കാര്യങ്ങൾ കൂടി സൂക്ഷ്‌മമായി പരിശോധിച്ചാകും അന്തിമ തീരുമാനം. നദി, തോട് അടക്കമുള്ള ജലാശയങ്ങൾക്ക് ഇരുവശവും വീടുകൾ ഉൾപ്പെടെയുളള കെട്ടിട നിർമ്മാണം തടയാനുളള നടപടികൾ വ്യക്തമായി മാസ്റ്റർപ്ലാനിൽ പ്രതിപാദിക്കും. ജലാശയങ്ങളുടെ വശങ്ങളിൽ ഓപ്പൺ റിക്രിയേഷൻ സെന്ററുകളും ഡ്രെയിനേജ് സംവിധാനവും ആരംഭിക്കാനാകും. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്ലാൻ തയ്യാറാക്കുന്നത്. 20 വർഷത്തെ നഗരവികസനം മുൻകൂട്ടിക്കണ്ട് 2040 വരെയുള്ള പ്ലാനാണ് അണിയറയിൽ ഒരുങ്ങുന്നത്.

മുഖച്ഛായ മാറും

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതും ടെക്‌നോപാർക്കിന്റെ വികസനവും ഉൾപ്പെടെ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് കണക്കുകൂട്ടൽ. കഴക്കൂട്ടം-കാരോട് ബൈപ്പാസ് തലസ്ഥാനത്തിന്റെ വാണിജ്യ ഇടനാഴിയായി മാറും. തുറമുഖത്തിനും റോഡിനുമൊപ്പം വിമാനത്താവളം, ഐ.ടി അധിഷ്‌ഠിത വ്യവസായം എന്നിവയെല്ലാം പൂർത്തിയാകുമ്പോൾ ജനസംഖ്യയിലും വൻ വർദ്ധനയാണ് നഗരം പ്രതീക്ഷിക്കുന്നത്.ഇതിനൊപ്പം വ്യാപാര-വാണിജ്യ മേഖലയും വികസിക്കും. ഇവയെല്ലാം മാസ്റ്റർപ്ലാനിൽ കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കുമെന്ന് അധികൃതർ സൂചന നൽകി.

തിരുവനന്തപുരം കോർപ്പറേഷൻ

വാർഡുകൾ - 100

വിസ്തീർണം- 214.86 ചതുരശ്ര കി.മീ

ജനസംഖ്യ- 9,55,494 (2011 സെൻസസ്)

പഴയ മാസ്റ്റർപ്ലാൻ
1986ൽ 52 വാർഡുകൾക്ക്‌ വേണ്ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാനാണ് മുമ്പുണ്ടായിരുന്നത്.കോർപ്പറേഷൻ 100 വാർഡായതോടെയാണ് 2013ൽ പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി തുടങ്ങിയത്. സർക്കാർ ടൗൺ പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ പ്ലാനിനെതിരെ രൂക്ഷ വിമർശനമാണ് അന്ന് ഉയർന്നത്. കഴക്കൂട്ടം, കാട്ടായിക്കോണം പോലുള്ള ചില ഭാഗങ്ങളിൽ നിന്ന് വൻതോതിൽ സ്വകാര്യ സ്ഥലം ഏറ്റെടുക്കാനുള്ള നിർദ്ദേശത്തിനെതിരെ സമരങ്ങളുണ്ടായി. ഒടുവിൽ ആ മാസ്റ്റർ പ്ലാൻ സർക്കാർ പിൻവലിക്കുകയായിരുന്നു. തുടർന്ന് വികസന പ്രവർത്തനങ്ങൾക്കും കെട്ടിട നിർമ്മാണ അനുമതിക്കും കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വന്നപ്പോഴാണ് വിവാദ വിഷയങ്ങൾ ഒഴിവാക്കി വികസന നിയന്ത്രണ നിയമങ്ങൾ കൊണ്ടുവന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.