SignIn
Kerala Kaumudi Online
Saturday, 20 April 2024 5.16 PM IST

വികസനക്കുതിപ്പിനൊരുങ്ങി ചെറ്റച്ചൽ ജഴ്സി ഫാം

photo

പാലോട്: ക്ഷീരകർഷക മേഖലയ്ക്ക് ഉണർവേകി ചെറ്റച്ചൽ ജഴ്‌സിഫാം വികസനക്കുതിപ്പിന് ഒരുങ്ങുന്നു. പാലുത്പാദനത്തിലും ആടുമാടുകളുടെ പരിപാലനത്തിലും റെക്കാഡ് നേട്ടം കൈവരിച്ച ഫാമിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപയുടെയും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 33 ലക്ഷം രൂപയുടെയും വികസന പദ്ധതികൾ അന്തിമഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യ വികസനവും തൊഴിലാളി ക്ഷാമവും പരിഹരിക്കാൻ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇടപെടലുണ്ടായതോടെ പരാധീനതകൾ അകന്ന് മികച്ച കന്നുകാലി പരിപാലന കേന്ദ്രമായി മാറാൻ ഫാം ഒരുങ്ങുകയാണ്. പ്രതിദിനം 1,​400 ലിറ്റർ പാൽ തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറ്റച്ചൽ ഫാമിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. 'ഗ്രീൻ മിൽക്ക് " എന്ന പേരിൽ അരലിറ്ററിന്റെ പായ്ക്കറ്റുകളിലാക്കിയാണ് ജില്ലയിലെ പാൽ വിതരണം നടത്തുന്നത്. ഇത് മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത് പരിഗണനയിലാണ്. 200 സങ്കരയിനം കന്നുകാലികളും 65 മലബാറി ആടുകളുമുള്ള ക്യാറ്റിൽ ഫാമും, ഗോട്ട് ബ്രീഡിംഗ് ഫാമും ഇവിടെയുണ്ട്. ഫാമിലെ ഹാച്ചറിയിൽ നിന്ന് ഓരോമാസവും 30000 കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് കർഷകരിലെത്തിക്കാൻ സാധിക്കുന്നുണ്ട്. 10000 മുട്ട വിരിയിക്കാൻ ശേഷിയുള്ള മൂന്ന് സെറ്ററുകളും ഒരു ഹാച്ചറിയുമാണ് ഇപ്പോൾ ഫാമിലുള്ളത്. തീറ്റപ്പുൽ റീ പ്ലാന്റിംഗ് ജോലികളും ഊർജിതമായി മുന്നേറുന്നുണ്ട്. സ്വയംപര്യാപ്തതയ്ക്ക് പുറമേ വിപണനവും ലക്ഷ്യമിട്ടാണ് റീ പ്ലാന്റിംഗ്. സ്വന്തം ആവശ്യം കഴിഞ്ഞ് 5000 ടൺ തീറ്റപ്പുൽ മറ്റു ഫാമുകൾക്കും കർഷകർക്കുമായി വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് പദ്ധതി. പ്രതിവർഷം നാലു മുതൽ അഞ്ച് കോടി രൂപ വരുമാനം നൽകുന്ന മാതൃകാ മൃഗസംരക്ഷണ സ്ഥാപനമായി ജഴ്‌സി ഫാം മാറുമെന്നാണ് കണക്കുകൂട്ടൽ.

 ക‍ർഷകർക്ക് മുതൽക്കൂട്ട്

സർക്കാർ അനുവദിച്ച തുക വിനിയോഗിച്ച് നിർമ്മിക്കുന്ന ഒരു കാഫ് ഷെഡ്, ഹിഫർ ഷെഡ് എന്നിവ പൂർത്തിയാകുന്നതോടെ പുതുതായി 160 കന്നുക്കുട്ടികളെയും കിടാരികളെയും വളർത്താൻ കഴിയും. ഇവയിൽ നിന്ന് ശരാശരി 100 ഗർഭിണിപ്പശുക്കളെ കർഷകർക്ക് നൽകാനാവും. പശുക്കളെ പാർപ്പിക്കുന്നതിന് സ്ഥലസൗകര്യം വെല്ലുവിളി ഉയർത്തുന്നുണ്ട്. 3 മുതൽ 7 വരെയുള്ള ഷെഡുകളിൽ മാത്രമേ വലിയ പശുക്കളെ പാർപ്പിക്കാൻ സൗകര്യമുള്ളൂ. ഇവയെ പാരന്റ് സ്റ്റോക്കായി നിലനിറുത്തി പ്രജനനം നടത്താനാണ് പദ്ധതി. 100 പെണ്ണാടുകളെ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പുതുതായി നിർമ്മിക്കുന്ന ഷെഡുകൾ. ഓരോ വർഷവും 300 ആട്ടിൻ കുട്ടികളെ ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകും.

 മാലിന്യത്തിൽ നിന്ന് കമ്പോസ്റ്റ്

ചാണകവും മറ്റു ജൈവ മാലിന്യങ്ങളും സംസ്കരിച്ച് മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ സജ്ജീകരിക്കാനും തീറ്റപ്പുൽ കൃഷിയിടങ്ങളിൽ നിൽക്കുന്ന മൂവായിരത്തോളം മരങ്ങളിൽ മേൽത്തരം കുരുമുളക് തൈകൾ വളർത്തി കർഷകരിൽ എത്തിക്കാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൻന്റെ ഭാഗമായി നഴ്‌സറി ഒരുക്കാനുള്ള നടപടികളും പൂർത്തിയാക്കി. കറവ വറ്റിയ പശുക്കളെ പാർപ്പിക്കുന്നതിന് 1958ൽ ട്രൈസ്റ്റോക്ക് ഫാമായി ആരംഭിച്ച ചെറ്റച്ചൽ ജഴ്‌സിഫാം സർക്കാർ മുൻകൈയെടുത്ത് മൃഗസംരക്ഷണ വകുപ്പിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിൽ സ്വതന്ത്ര സ്ഥാപനമായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.