SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.42 PM IST

ജലസമൃദ്ധിയിൽ പേപ്പാറ ഡാം

peppara-dam

തിരുവനന്തപുരം: വേനൽ കടുത്താലും തലസ്ഥാന നഗരത്തിലേക്കുള്ള കുടിവെള്ളം മുട്ടില്ല. നഗരത്തിലെ ഏക കുടിവെള്ള സ്രോതസായ പേപ്പാറ ഡാമിൽ ആവശ്യത്തിനുള്ള വെള്ളം ഉള്ളതിനാലാണിത്. വേനൽമഴ ലഭിക്കാതിരുന്നാൽ പോലും കാലവർഷം തുടങ്ങുന്നതുവരെ കുടിവെള്ളക്ഷാമം ഉണ്ടാകില്ലെന്നാണ് വാട്ടർ അതോറിട്ടിയുടെ വിലയിരുത്തൽ. മുൻ വർഷങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കാത്തതിനെ തുടർന്ന് ഡാമിൽ ജലനിരപ്പ് കുറഞ്ഞിരുന്നു. ജില്ലയിലെ ചെമ്മുഞ്ചി മൊട്ടയിൽ നിന്ന് ഉത്ഭവിക്കുന്ന കരമനയാറിന് കുറുകെയാണ് പേപ്പാറ ജലസംഭരണി സ്ഥിതിചെയ്യുന്നത്. അരുവിക്കര ഡാമിന്റെ അപ്പർ ഡാമായി പ്രവർത്തിക്കുന്ന പേപ്പാറയിൽ നിന്ന് പ്രതിദിനം അരുവിക്കരയിലേക്ക് 300 ദശലക്ഷം ലിറ്റർ ജലമാണ് എത്തുന്നത്. ഇതിൽ നിന്ന് 280 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിലേക്ക് വിതരണത്തിനായി എത്തിക്കുന്നുണ്ട്. നിലവിൽ മൂന്ന് പ്ളാന്റുകളാണ് അരുവിക്കരയിലുള്ളത്.

 ജലനിരപ്പ് 105 മീറ്റർ

പേപ്പാറ ഡാമിൽ ഇന്നലത്തെ കണക്ക് അനുസരിച്ച് 105 മീറ്ററാണ് ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 110.50 മീറ്ററാണ്. കഴിഞ്ഞ വർഷം 101 മീറ്ററായിരുന്നു ഈ സമയത്തെ ജലനിരപ്പ്. 2019ൽ 103.25 മീറ്ററും 2020ൽ 102 മീറ്ററുമായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വർഷം കുടിവെള്ള ക്ഷാമത്തിന്റെ വക്കിലെത്തിയെങ്കിലും ഏപ്രിലിൽ പെയ്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയരുകയും പ്രതിസന്ധി ഒഴിവാകുകയുമായിരുന്നു. ഡാമിലെ വൈദ്യുത ഉല്പാദനത്തിന് ശേഷം മിച്ചം വരുന്ന വെള്ളമാണ് നഗരത്തിന്റെ ദാഹമകറ്റാൻ ഉപയോഗിക്കുന്നത്. 1973ൽ തുടങ്ങിയ 72 എം.എൽ.ഡി പ്ലാന്റ്, 99 ലെ 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ്, പുതിയതായി നിർമ്മിച്ച 75 എം.എൽ.ഡി പ്ളാന്റ് എന്നിവയാണ് അരുവിക്കരയിൽ ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കുന്നത്. ഇതിനൊപ്പം 36 എം.എൽ.ഡി ബൂസ്റ്റർ പമ്പ് ഹൗസും ഉപയോഗിക്കുന്നുണ്ട്.

പരമാവധി ശേഷിയാക്കും

ഡാമിന്റെ പരമാവധി ശേഷിയായ 110.50 മീറ്ററിൽ ജലം സംഭരിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്. ഇതിനുള്ള അപേക്ഷയിന്മേൽ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ,​ വൈൽഡ് ലൈഫ് വാർഡൻ എന്നിവർ റിപ്പോർട്ട് നൽകി. റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പരിഗണനയിലാണ്. ഇത് പൂർത്തിയായാലുടൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കും. സംഭരണശേഷി പരമാവധി ആക്കുമ്പോൾ ഡാമിന്റെ റിസ‌ർവോയറിൽ സ്ഥിതിചെയ്യുന്ന ആദിവാസി സെറ്റിൽമെന്റായ പൊടിയക്കാല മുങ്ങും. ഇത് പരിഹരിക്കുന്നതിനായി സെറ്റിൽമെന്റിലേക്കുള്ള റോഡ് ഉയർത്തുന്നതടക്കമുള്ള പണികൾ തുടങ്ങിക്കഴിഞ്ഞതായി എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.

 3 മെഗാവാട്ട് വൈദ്യുതി

ജലസേചനവകുപ്പിനാണ് പേപ്പാറ ഡാമിന്റെ സംരക്ഷണ ചുമതല. എന്നാൽ, റിസർവോയറിന്റെ സംരക്ഷണം വനംവകുപ്പിനും വൈദ്യുത ഉത്പാദനച്ചുമതല വൈദ്യുതി വകുപ്പിനുമാണ്. പ്രതിദിനം 15000 യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 1996 ജൂൺ മുതലാണ് ഇവിടെ വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. അന്നുമുതൽ ഇന്നുവരെ മൂന്ന്‌ മെഗാവാട്ടിന്റെ ഒരു ജനറേറ്ററാണ് ഇവിടെ പ്രവർത്തിപ്പിക്കുന്നത്. പ്രതിവർഷം 11.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.