SignIn
Kerala Kaumudi Online
Friday, 19 April 2024 6.13 PM IST

ജീവിതത്തിന്റെ സായന്തന ജ്വാലകൾ

f

മലയാള നോവലിന്റെ കുലപതികളിൽ അഗ്രഗാമിയാണു സി.വി. രാമൻ പിള്ള. ആഖ്യാനകലയുടെ ഈ രാജശില്പിയാൽ നിർമ്മിതമായ മഹനീയ ശില്പങ്ങളാണ് മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാബഹദൂർ തുടങ്ങിയ ഇതിഹാസഗരിമയുള്ള ചരിത്രാഖ്യായികകൾ.

മലയാളവും സംസ്‌കൃതവും തമിഴും അതിൽത്തന്നെ മാതൃഭാഷയുടെ നിരവധി വാമൊഴിവഴക്കങ്ങളും ഉൾച്ചേർന്ന കാവ്യാത്മകമായ ഗംഭീര ഗദ്യശൈലിയുടെ വിധാതാക്കളിൽ അഗ്രഗണ്യൻ, ലോകാതിശായിയായ കാവ്യഭാവനയുടെ രത്നാകരം, അടിത്തട്ടും തീരവുമില്ലാത്ത തീക്കടലായി മനുഷ്യ ജീവിതത്തെ വ്യാഖ്യാനിച്ച ദാർശനികൻ, മലയാളത്തിലെ സ്വതന്ത്ര ഗദ്യനാടക പ്രസ്ഥാനത്തിന്റെ ജനയിതാവ്, ജന്മനാടിന്റെയും സമുദായത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി അധർമ്മനിരതരായ അധികാര വർഗ്ഗത്തോടു ഭീമസമരം ചെയ്ത തൂലികാശസ്ത്രജ്ഞനായ പത്രപ്രവർത്തകൻ, ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് അധ:പതനോന്മുഖമായ സ്വസമുദായത്തിന്റെ ഉത്കർഷത്തിനായി നിരന്തരം പോരാടിയ സമുദായ പരിഷ്‌കർത്താവ്.ഇങ്ങനെ ഒരു നിഷ്‌ക്കാമ കർമ്മയോഗിയുടെ ജീവിതമായിരുന്നു സി.വി. രാമൻപിള്ളയുടേത്.

പ്രജാധർമ്മത്തോടു ചേർന്നു നിൽക്കാത്ത രാജസ്ഥാനം വിമർശനവിധേയമാകുമെന്ന ധ്വനിപാഠത്തെ തിരുമനസ്സറിയിക്കാനാണ് സി.വി.തന്റെ പ്രകൃഷ്ടരാഷ്ട്രീയ നോവലായ 'ധർമ്മരാജാ' അന്നു രാജ്യം വാണിരുന്ന ശ്രീമൂലം തിരുനാളിനു സമർപ്പിച്ചതെന്നറിയാത്തവർ സി.വിയെ അന്ധനായ രാജഭക്തനെന്നു മുദ്ര കുത്തും.

വിദേശികളായ ദിവാൻ അടക്കമുള്ള ഭരണകർത്താക്കളെ വിമർശിച്ചുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ജീവിതകാലം മുഴുവനെഴുതിയ സി.വി.യുടെ രാഷ്ട്രീയ ലേഖനങ്ങൾ പിൻതലമുറകൾക്ക് ലഭിച്ചില്ല. ജീവിതാന്ത്യത്തിൽ എഴുതിയ, ഒരു 'രാഷ്ട്രീയരഘുവംശ'മെന്നു പ്രസിദ്ധമായ 'വിദേശീയ മേധാവിത്വ'മെന്ന പ്രസംഗ പരമ്പരയിൽ അദ്ദേഹം പറഞ്ഞു വച്ചതെല്ലാം മൂന്നു ചരിത്രാഖ്യായികകളിലും പ്രേമാമൃതം എന്ന സാമൂഹ്യനോവലിലും ധ്വനിപ്പിച്ച രാഷ്ട്രീയ സംഹിതകളാണ്.. സ്വന്തം ഉയർച്ചയ്ക്കായി ആരുടെ മുന്നിലും തല കുനിച്ചില്ല. ഒടുവിൽ ദിവാന്റെ വഴിവിട്ട സമ്മർദ്ദങ്ങൾക്കു വഴങ്ങാൻ കൂട്ടാക്കാതെ തന്റെ നിത്യവൃത്തിക്ക് അനുപേക്ഷണീയമായിരുന്ന ചെറിയ ഉദ്യോഗം പോലും ഉപേക്ഷിച്ച് തന്റെ കർമ്മമണ്ഡലമായ സാഹിത്യരചനയിലും രാജ്യകാര്യവിമർശനങ്ങളിലും മുഴുകി സി.വി.തന്റെ ശിഷ്ടജീവിതം മാതൃഭാഷയ്ക്കും കേരള സമൂഹത്തിനുമായി സമർപ്പിച്ചത് സാർത്ഥകമായി .
അറുപതാം വയസ്സിലാണ് മലയാളത്തിലെ മഹാനോവലായ രാമാരാജാ ബഹദൂർ എഴുതിയത്. . ആ മന്ത്രിമണ്ഡല ദിവാകരന്റെ ദൗരന്തികമായ ജീവിതാന്ത്യം ഇതിവൃത്തമായ മൂന്നാംഭാഗം 'ദിഷ്ടദംഷ്ട്രം' എന്ന പേരിൽ രോഗശയ്യയിൽ എഴുതിക്കൊണ്ടിരുന്ന കാലത്താണ് അറുപത്തി നാലാം വയസ്സിൽ സി.വി. അന്തരിച്ചത്. ഇന്ന് നൂറു വർഷം പിന്നിടുമ്പോഴും ആ ഇതിഹാസ വൈഖരിയുടെ ശ്രുതിലയങ്ങൾ നമ്മുടെ കാതിൽ മുഴങ്ങുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.