നാഗർകോവിൽ: കളിയിക്കാവിളയിൽ റേഷനരി കടത്തുന്നതിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കളിയിക്കാവിള പറയാടിവിള സ്വദേശി ഷിജിയെ (38) കൊലപ്പെടുത്തിയ സംഭവത്തിലാണ് മരുതൻകോട് സ്വദേശി ക്ലൈൻ (26), കുളപ്പുറം സ്വദേശി ജസ്റ്റിൻ ജോസഫ് രാജ് (38), മരയാപുരം സ്വദേശി മഹേന്ദ്രകുമാർ (48) എന്നിവർ പിടിയിലായത്. വെട്ടേറ്റ എസ്.ടി.മങ്കാട് സ്വദേശി അജിനാണ് (26) ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മാർച്ച് 26ന് രാത്രി 10ന് അജിനും ഷിജിയും കാറിൽ ഒരുടൺ റേഷനരി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുമ്പോൾ കളിയിക്കാവിളയ്ക്ക് സമീപത്തുവച്ച് ഏഴംഗസംഘം കാർ തടഞ്ഞുനിറുത്തി രണ്ടുപേരെയും കത്തി കൊണ്ട് കുത്തുകയും അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. അജിന് തോളിലും തലയിലുമാണ് വെട്ടേറ്റത്. ഷിജിക്ക് വയറിലും കഴുത്തിലും കുത്തേറ്റു. നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു.
അബോധാവസ്ഥയിൽ കിടന്ന രണ്ടുപേരയും നാട്ടുകാർ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ മൂന്നിന് രാത്രിയാണ് ഷിജി മരിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം കളിയിക്കാവിള ഇൻസ്പെക്ടർ എഴിലരസിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി തക്കല ഡിവൈ.എസ്.പി ഗണേശന്റെ ഓഫീസിലെത്തി പ്രതികൾ കീഴടങ്ങിയത്. റേഷനരി കേരളത്തിലേക്ക് കൊണ്ടുവരുന്നതിലുണ്ടായ തർക്കം കാരണമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കളിയിക്കാവിള പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ സമ്മതിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |