തിരുവനന്തപുരം: അനന്തപുരി സന്ദർശിക്കാൻ എത്തുന്നവർക്കായി കെ.എസ്.ആർ.ടി.സി ഒരുക്കുന്ന 'ഡെക്ക് ഡബിൾ ഡെക്കർ ബസ് സിറ്റി റൈഡ്' 18 ന് തുടക്കമാകും. വൈകിട്ട് 6.45ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ് നടത്തുന്നത്.
നിലവിൽ വൈകിട്ട് 5 മുതൽ 10വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ 4 വരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സർവീസിലും 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുടെ ടിക്കറ്റും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |