SignIn
Kerala Kaumudi Online
Thursday, 28 March 2024 11.13 PM IST

മഴക്കാലം കഴിയുന്നതുവരെ നഗരത്തിൽ റോഡ് കുഴിക്കരുത്

 കരാർ കമ്പനിക്ക് സ്‌മാർട്ട് സിറ്റി അധികൃതരുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: മഴക്കാലം കഴിയുന്നതുവരെ സ്‌മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് നഗരത്തിലെ ഒരു റോഡും കുഴിക്കരുതെന്ന് കരാർ കമ്പനിക്ക് സ്‌മാർട്ട് സിറ്റി അധികൃതർ കർശന നിർദ്ദേശം നൽകി. റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. കരാർ കമ്പനിയായ എൻ.എ കൺസ്‌ട്രക്ഷൻസിന് ഇതുസംബന്ധിച്ച കത്ത് സ്‌മാർട്ട് സിറ്റി സി.ഇ.ഒ വിനയ് ഗോയൽ കൈമാറി.

മഴക്കാലമെത്താൻ ഒരുമാസം ശേഷിക്കെ നിലവിലെ കുഴികൾ മൂടാതെ പുതിയ റോഡുകളിൽ കുഴിയെടുക്കുന്നത് ഗതാഗതം ദുരിതത്തിലാക്കുമെന്ന് മുൻകൂട്ടിക്കണ്ടാണ് നടപടി. റോഡുകൾ വെട്ടിപ്പൊളിച്ചതിനെ തുടർന്നുള്ള നഗരവാസികളുടെ ദുരിതത്തെക്കുറിച്ച് കേരളകൗമുദി നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കരാർ കമ്പനിയായ എൻ.എ കൺസ്ട്രക്ഷന്റെ പരിചയക്കുറവും ജോലിക്കാരുടെ കുറവുമാണ് നിർമ്മാണം ഇഴയാൻ കാരണമെന്ന് ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. സ്‌മാർട്ട് സിറ്റി അധികൃതരിൽ നിന്ന് അറിയിപ്പ് കൂടി ലഭിച്ചതോടെ നിർമ്മാണം വൈകുന്നതിൽ ഉത്തരവാദികൾ കരാർ കമ്പനി മാത്രമല്ലെന്ന വാദവുമായി എൻ.എ കൺസ്‌ട്രക്ഷൻസ് രംഗത്തെത്തി. നിർമ്മാണം ഇഴയുന്നതിൽ സർക്കാരിനും പങ്കുണ്ടെന്ന് എൻ.എ കൺസ്ട്രക്ഷൻ പ്രസിഡന്റ് എ.കൗശിക് കേരളകൗമുദിയോട് പറഞ്ഞു. കൃത്യമായി പണം ലഭിച്ചില്ലെന്നും പദ്ധതി നടത്തിപ്പിൽ ഏകോപനക്കുറവുണ്ടായിട്ടുണ്ടെന്നുമാണ് കമ്പനിയുടെ നിലപാട്.

കൂടുതൽ ജോലിക്കാരും

യന്ത്രങ്ങളുമെത്തും

സ്‌മാർട്ട് റോഡിന്റെ വേഗത്തിലുള്ള നിർമ്മാണത്തിന് കൂടുതൽ ജോലിക്കാരെയും യന്ത്രസാമഗ്രികളും ഉടനെത്തിക്കും. മേയിൽ പകുതി ജോലികളെങ്കിലും പൂർത്തിയാക്കാൻ വേണ്ടിയാണിത്. പനവിള ആനിമസ്‌ക്രീൻ സ്‌ക്വയർ റോഡ് (കലാഭവൻ മണി റോഡ്), ബേക്കറി ഫോറസ്റ്റ് ഓഫീസ് റോഡ്,സ്‌പെൻസർ ജംഗ്ഷൻ എ.കെ.ജി റോഡ്,മാനവീയം റോഡ്, സ്റ്റാച്യു ജനറൽ ആശുപത്രി റോഡ്,കൈതമുക്ക്,വഴുതക്കാട് എന്നിവിടങ്ങളിലാണ് ജോലികൾ നടക്കുന്നത്.

പ്രധാന വെല്ലുവിളി

സീവേജ് നിർമ്മാണം

സ്‌മാർട്ട് റോഡുകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിലെ സീവേജ് ലൈനിന്റെ ജോലികൾ ജലസേചന വകുപ്പ് വൈകിപ്പിച്ചതുകാരണമാണ് റോഡ് നിർമ്മാണത്തിന് കാലതാമസം നേരിട്ടതെന്നാണ് കമ്പനിയുടെ ആരോപണം. റോഡിന്റെ നടുഭാഗത്താണ് സീവേജ് ലൈൻ പുതുതായി സ്ഥാപിക്കേണ്ടത്. ഈ ജോലികൾ പൂർത്തിയായാലേ ഇവിടങ്ങളിൽ സ്‌മാർട്ട് റോഡ് നിർമ്മാണം നടത്താനാകൂ. റോഡിന്റെ ഒരുവശം കുഴിച്ചിട്ട് ജലസേചന വകുപ്പിന്റെ സീവേജ് നിർമ്മാണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. ചില സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനും കാലതാമസം നേരിടുന്നുണ്ട്.

പണം ലാഭിക്കാൻ നിർമ്മാണ

രീതിയിൽ ആദ്യമേ മാറ്റം വരുത്തി

സ്‌മാർട്ട് റോഡിന് ഭീമമായ തുകയാകുമെന്ന് കണ്ടപ്പോഴേ നിർമ്മാണ രീതി സർക്കാരും ബന്ധപ്പെട്ട വകുപ്പ് അധികൃതരും ചേർന്ന് മാറ്റിയിരുന്നു. സാധാരണ സ്‌മാർട്ട് റോഡിന് വേണ്ടിയുള്ള അണ്ടർഗ്രൗണ്ട് ഡക്ട് (അറ) പണി കഴിപ്പിച്ചിട്ട് കുഴിച്ചിടുകയാണ് പതിവ്. ഇത് പണി നടക്കുമ്പോഴുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കും. റോഡ് കുഴിച്ച് ഡക്ട് പണിയുമ്പോൾ പണച്ചെലവ് കുറയുമെന്ന് വന്നപ്പോൾ പ്ളാൻ മാറ്റിയത് സർക്കാരിന് തന്നെ തലവേദനയായി. റോഡിന് ഇരുവശവും ആഴത്തിൽ കുഴിക്കുന്ന പ്രക്രിയയിലൂടെ എല്ലാ ഇലക്ട്രിക് കേബിളുകളും ഭൂമിക്കടിയിലാക്കും. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളും കേബിളുകളും ഒഴിവാക്കി പൂർണമായും സുരക്ഷിതമായ ഗതാഗതമെന്ന ലക്ഷ്യമാണുള്ളത്. കേബിളുകൾ കടത്തിവിടുന്നതിനുള്ള തുരങ്കങ്ങളുടെ നിർമ്മാണമാണ് നിലവിൽ പുരോഗമിക്കുന്നത്.

ഞങ്ങളെ മാത്രം പഴിക്കുന്നു: സ്‌മാർട്ട് സിറ്റി

സ്‌മാർട്ട് റോ‌ഡ് നിർമ്മാണ പ്രതിസന്ധിയിൽ തങ്ങളെ മാത്രം പഴിക്കുന്നതിൽ അർത്ഥമില്ലെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ പറഞ്ഞു. കോ‌ർപ്പറേഷൻ റോഡുകളിൽ പ്രധാന റോഡുകളിലെ ഇടറോഡുകൾ മാത്രമാണ് തങ്ങൾ ചെയ്യുന്നത്. ആകെ പത്ത് കിലോമീറ്റർ റോഡാണ് സ്‌മാർട്ട് സിറ്റി കമ്പനി ചെയ്യുന്നത്. ബാക്കി 35 കിലോമീറ്റർ കെ.ആർ.എഫ്.ബി - പി.ഡബ്ല്യ‌ു.ഡി റോഡുകളുടെ നിർമ്മാണ ചുമതല കെ.ആർ.എഫ്.ബിക്കാണ്. കോർപ്പറേഷൻ റോഡുകളിലെ 50 ശതമാനം ജോലികൾ അടുത്തമാസം പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.

സമരത്തിന് ബി.ജെ.പി

സ്‌മാർട്ട് റോഡ് നിർമ്മാണം ഇഴയുന്നതിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി

സമരത്തിനൊരുങ്ങുന്നു. ആദ്യഘട്ടം രാപ്പകൽ സമരം നടത്താനാണ് പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.