പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാലസഭയിലെ കുട്ടികൾക്ക് വടക്കൻ കളരിയിൽ പരിശീലനത്തിന് തുടക്കമായി. ശാന്തിഗ്രാം കൗൺസലിംഗ് ആൻഡ് ഗൈഡൻസ് സെന്റർ, കണ്ണൂരിലെ ജ്യോതിസ് കളരിസംഘം എന്നിവയുടെ സഹകരണത്തോടെ പള്ളം ഗവൺമെന്റ് മുഹമ്മദ് എൽ.പി. സ്കൂളിൽ നടന്ന "സ്വയം രക്ഷയ്ക്ക് കളരി അഭ്യാസം" പഠന യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു ഡിക്സൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എസ്. മഞ്ചുഷ അദ്ധ്യക്ഷതയും കുടുംബശ്രീ മിഷൻ ബ്ലോക്ക് കോ- ഓർഡിനേറ്റർ എസ്.രജിത ആശംസാ പ്രസംഗവും നടത്തി.
കളരിപ്പയറ്റ് പരിശീലനത്തിന് നേതൃത്വം നൽകിയ കണ്ണൂർ ജ്യോതിസ് കളരിസംഘത്തിന്റെ കളരി ഗുരുനാഥന്മാരായ മുകുന്ദൻവൈദ്യർ, ഫൈസൽ ഗുരുക്കൾ, പ്രകാശൻ ഗുരുക്കൾ, ജനാർദ്ദനൻ വൈദ്യർ, സേതുമാധവൻ ഗുരുക്കൾ, ബിജു വൈദ്യർ, മത്തായി ഗുരുക്കൾ, പ്രസാദ് ഗുരുക്കൾ, ഉഷാ മോഹൻ ഗുരുക്കൾ, സതി വൈദ്യർ, ഷീല വൈദ്യർ, റീനാ ഗുരുക്കൾ എന്നിവരെയും ദേശീയ, സംസ്ഥാന കളരിപ്പയറ്റ് മത്സരങ്ങളിൽ പുരസ്ക്കാരങ്ങൾ നേടിയ യുവകളരി അഭ്യാസികളായ തീർത്ഥ, പ്രണയ, ആദിൻ എന്നിവരെയും പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ എം.ബെൽസിറ്റ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |