SignIn
Kerala Kaumudi Online
Friday, 19 April 2024 7.15 PM IST

നെല്ല് സംഭരണം; വസ്തുതകൾ

photo

ജനപക്ഷ ബദൽ സമീപനങ്ങളിലൂന്നിയാണ് എൽ.ഡി.എഫ് സർക്കാർ കർഷകരെ സഹായിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. അക്കൂട്ടത്തിൽ സുപ്രധാനമാണ് നെല്ലുസംഭരണ പദ്ധതി. വിപണിയുടെ മേധാവിത്വത്തിൽ നിന്നും നെൽകർഷകരെ സംരക്ഷിക്കാനുള്ള ഫലപ്രദമായ ചുവടുവയ്പ് എന്ന നിലയിലാണ് എൽ.ഡി.എഫ് സർക്കാർ നെല്ല് സംഭരണം ആരംഭിച്ചത്. ആ വർഷം 17246 കർഷകരിൽ നിന്നായി 45176 ഹെക്ടർ വിസ്തൃതിയുള്ള പാടങ്ങളിൽ 74237 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ഇത് വർദ്ധിച്ചു. 2019

-2020 ൽ 2.2 ലക്ഷം കർഷകരിൽ നിന്നായി 1.74 ലക്ഷം ഹെക്ടർ പാടങ്ങളിൽ നിന്നായി 7.094 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. വിലയായി 1911.82 കോടി രൂപ കർഷകർക്ക് ലഭിച്ചു. 2020-2021 ൽ 1.91 ലക്ഷം ഹെക്ടർ പാടങ്ങളിൽ നിന്നായി 2.52 ലക്ഷം കർഷകരിൽ നിന്ന് 7.6488 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ച് 2102 കോടി രൂപ വിതരണം ചെയ്തു.
ഭക്ഷ്യപൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് നെല്ല് സംഭരിക്കുന്നത്. സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന മില്ലുകൾ വഴിയാണ് സംഭരണം. സംഭരിച്ച നെല്ല് മില്ലുകൾ അരിയാക്കി തിരികെ നൽകും. അത് പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യുന്നു. സർക്കാർ ഈ വർഷം 57 മില്ലുകളുമായിട്ടാണ് കരാറിലേർപ്പെട്ടത്. ഇതിൽ ഒന്ന് പൊതുമേഖലയിലും ഒന്ന് സഹകരണ മേഖലയിലുമാണ്. ബാക്കി 55 സ്വകാര്യ മില്ലുകളാണ്. സംഭരിക്കുന്ന നെല്ലിന്റെയും സംസ്‌കരിച്ച് കിട്ടുന്ന അരിയുടെയും ഗുണമേന്മ പരിശോധിക്കുന്നത് കൃഷിവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥരാണ്. നിലവിൽ കിലോഗ്രാമിന് 28 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിഹിതം 19.40 രൂപയും സംസ്ഥാന സർക്കാരിന്റെത് 8.60 രൂപയുമാണ്.

കർഷകർ നെല്ല് സംഭരണത്തിനായി supplycopaddy.in എന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത് . ഇത് പാഡി മാർക്കറ്റിംഗ് ഓഫീസർമാർ പരിശോധിച്ച് അംഗീകരിക്കുന്നു. അതിൽ ഉൾപ്പെട്ടിട്ടുള്ള തുക ബാങ്കുകൾ സപ്ലൈകോയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള കർഷകർക്ക് വായ്പയായി നൽകുകയും ചെയ്യുന്നു. ഈ തുക പലിശ സഹിതം ബാങ്കുകൾക്ക് സപ്ലൈകോ നൽകും.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിക്കുകയും സംഭരണത്തിൽ നിന്ന് മില്ലുടമകളും ഏജന്റുമാരും വിട്ടുനിൽക്കുന്നതായി ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ പ്രശ്നപരിഹാരത്തിനായി ഇടപെട്ടു.
നെല്ല് കൊയ്തിട്ടിരിക്കുന്ന പാടങ്ങൾ നേരിൽ സന്ദർശിച്ചു. കർഷകരുമായി ആശയ വിനിമയം നടത്തി. മെയ് 13 ന് തിരുവല്ല റസ്റ്റ് ഹൗസിൽ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പ്രാഥമികമായ വിലയിരുത്തൽ നടത്തി. അന്ന് വൈകിട്ട് തന്നെ ചങ്ങനാശ്ശേരി ടി. ബി.യിൽ ചേർന്ന വിപുലമായ യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ, ജോബ് മൈക്കിൾ എം.എൽ.എ, സപ്ലൈകോ സി.എം.ഡി. എന്നിവർ പങ്കെടുത്തു.
തുടർന്ന് ഭക്ഷ്യ സിവിൽസപ്ലൈസ്, കൃഷിവകുപ്പ് മന്ത്രിമാർ പങ്കെടുത്തുകൊണ്ട് മേയ് 15ന് ചേർന്ന യോഗത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കലക്ടർമാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും പാഡി മാർക്കറ്റിംഗ് ഓഫീസർമാരും മില്ലുടമകളും പങ്കെടുത്തു. ഈ യോഗ തീരുമാനപ്രകാരം ജില്ലാകലക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാർ എന്നിവർ അംഗങ്ങളായ കമ്മറ്റി രൂപീകരിച്ചു. ഒരു ഡെപ്യൂട്ടി കലക്ടറും കൃഷി ഓഫീസറും ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ തൽസമയം കലക്ടറെ ധരിപ്പിക്കാനും തീരുമാനമായി. കൃഷി പൊതുവിതരണ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരടങ്ങിയ ഉന്നതതല സമിതി രണ്ടു ദിവസത്തിലൊരിക്കൽ സ്ഥിതി വിശകലനം ചെയ്ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകി.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പുഞ്ചവിളവെടുപ്പിന്റെ ഭാഗമായി സംഭരിക്കേണ്ടിയിരുന്ന 1,51,386 മെട്രിക് ടൺ നെല്ലിൽ 146509മെട്രിക് ടൺ ഇതിനോടകം സംഭരിച്ചു കഴിഞ്ഞു.

നെല്ലുസംഭരണം സംഘാടനത്തിലും നടത്തിപ്പിലും ക്ലേശകരമായ പ്രക്രിയയാണ്. കർഷകർ, മില്ലുടമകൾ, ഉദ്യോഗസ്ഥർ, ചുമട്ടുതൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ താത്‌പര്യങ്ങളും ആവശ്യങ്ങളും അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും സുഗമമായ നടത്തിപ്പ് പലപ്പോഴും പ്രതിസന്ധിയിലാക്കുന്നു. എന്നാൽ സർക്കാർ നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടുപോകും.
നെൽകൃഷി നമ്മുടെ സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമല്ല പാരിസ്ഥിതികവും ജൈവികവുമായ സന്തുലനം നിലനിർത്താനും അത്യന്താപേക്ഷിതമാണ്. കൃഷി ചെയ്യുന്ന ഭൂവിസ്തൃതി കുറഞ്ഞുവരികയും കർഷകർ ലാഭകരമല്ലാത്ത കൃഷിയുപേക്ഷിച്ച് മറ്റ് ജീവിത മേഖലകളിൽ ചേക്കേറുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്തിന് വിനാശകരമായി വളർന്ന ഘട്ടത്തിൽ കൈകൊണ്ട കാര്യക്ഷമമായ പദ്ധതിയാണിത്. അതിനെ സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും വേണം. കേരള സർക്കാർ കർഷകർക്കൊപ്പമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.