SignIn
Kerala Kaumudi Online
Friday, 29 March 2024 1.21 PM IST

ഒരുപിടി മണ്ണിനായി കാത്തിരിപ്പ്

photo

പാലോട്: സ്വന്തമായി ഒരുപിടി മണ്ണെന്ന ചെറ്റച്ചൽ സമരഭൂമിയിലെ 97 വയസുള്ള ജാനകിഅമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. പട്ടയ വിതരണ നടപടികളുടെ ഭാഗമായി റവന്യൂ, വനം വകുപ്പ്, ട്രൈബൽ ഡിപ്പാർട്ട്മെന്റ് അധികൃതർ 2021 ഒക്ടോബർ മാസത്തിൽ ചെറ്റച്ചൽ സമരഭൂമിയിലെത്തി സ്ഥലപരിശോധന നടത്തി. പിന്നെ എല്ലാം ഒച്ചിഴയും വേഗത്തിലായി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന 2003 ഏപ്രിൽ 21നാണ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ചെറ്റച്ചൽ ഫാമിന്റെ ഉടമസ്ഥതയിലുള്ള 28ഏക്കർ സ്ഥലത്ത് കുടിൽ കെട്ടി സമരം ആരംഭിച്ചത്. 19 വർഷമായി സമരം നടത്തുന്ന ഇവർക്ക് സ്വന്തം ഭൂമിയെന്ന ആവശ്യം നിറവേറ്റാനുള്ളത്. വൈദ്യുതി ലഭിക്കാത്ത പ്രാഥമിക സൗകര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട 38 കുടുംബങ്ങളാണ് ഇവിടെ കുടിൽ കെട്ടിയിട്ടുള്ളത്. ചിമ്മിനി വിളക്കിലാണ് ഇവരുടെ ഓരോ രാത്രിയും കടന്നുപോകുന്നത്. രണ്ടുമാസത്തേക്ക് ഒരു ലിറ്റർ മണ്ണെണ്ണയാണ് ഇവർക്ക് ലഭിക്കുന്നത്. ഒന്നോ രണ്ടോ ആഴ്ചകൾ കഴിയുമ്പോൾ മണ്ണെണ്ണ തീരും. പിന്നെ ആശ്രയം ഡീസലും മെഴുകുതിരിയുമാണ്. ഇവരുടെ സമാനതകളില്ലാത്ത സമരപ്പോരാട്ടങ്ങൾക്ക് എന്നാണ് അവസാനമെന്ന് അറിയില്ല. ഇനിയും ഉടമസ്ഥാവകാശം തങ്ങളുടെ പേരിലാക്കിയ രേഖ ലഭിക്കാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്ന ആശങ്ക ഇവർക്കുണ്ട്. അടച്ചുറപ്പുള്ള ഒരു വീടിനായ് തട്ടാത്ത വാതിലുകളില്ല. അവഗണന മാത്രം ലഭിക്കുന്ന ഇവർക്ക് ഭൂമിയുമില്ല. 2003 ഏപ്രിൽ 21ന് ആരംഭിച്ച സമരം 19 വർഷം ആകുമ്പോഴും അവഗണിക്കപ്പെട്ടവരായി കഴിയാനാണ് ഈ മുപ്പതു കുടുംബങ്ങളുടേയും ദുർഗതി.

**സമാനതകളില്ലാത്ത ദുരിതം

മഴക്കാലമെത്തുമ്പോൾ സമരഭൂമിയിലെ ഓരോ മനസുകളിലും ഭയത്തിന്റെ വെള്ളിടി വെട്ടും. ചോർന്നൊലിക്കുന്ന ടാർപോളിൻ മേഞ്ഞ കുടിലുകളിൽ പിഞ്ചുകുഞ്ഞുങ്ങളെ മാറോടടക്കി വീർപ്പമുട്ടിയാണ് ഇവിടത്തുകാർ കഴിഞ്ഞിരുന്നത്. അടച്ചുറപ്പുള്ള ഒരു കൊച്ചുവീടായിരുന്നു ഇവരുടെ ഏക സ്വപ്നം. ഓരോ കുടുംബങ്ങളും കൈവശം വച്ചിട്ടുള്ള ഭൂമിയിൽ കൃഷി ചെയ്തിട്ടുണ്ട്. പക്ഷേ വന്യമൃഗശല്യം കാരണം യാതൊരു പ്രയോജനവും കിട്ടാറില്ല. ഇതിനെല്ലാം ഉടൻ പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് സമരഭൂമിയിലെ ജനങ്ങൾ.

**പഠനവും വഴിമുട്ടുന്നു

സ്കൂൾ വിദ്യാർത്ഥികളായ നാലുപേരാണ് സമരഭൂമിയിൽ ഉള്ളത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശ്യാമ, പത്താം ക്ലാസ് വിദ്യാർത്ഥി മനേഷ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥി ലിജിൽ, പത്തിൽ പരീക്ഷ എഴുതിയ അൻസി എന്നിവരാണത്. ഇവർക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലാത്തതും മറ്റൊരു പ്രശ്നമാണ്. പഠന സഹായത്തിനായി പാലോട് ജനമൈത്രി പൊലീസ് നൽകിയ സോളാർ പാനലും ടെലിവിഷനുമാണ് ആശ്രയം. അതും ചിലപ്പോൾ പ്രവർത്തനരഹിതമാകും. നന്ദിയോട്, പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിൽ രണ്ടും മൂന്ന് സെന്റിൽ കഴിഞ്ഞ കുടുംബങ്ങൾ, തങ്ങളുടെ മക്കളുടെ പഠനം വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് ഭൂമി വിറ്റവർ, സ്വന്തമായി ഒരു സെന്റ് പോലും ഇല്ലാതായതോടെ കാട്കയറി നശിക്കാൻ തുടങ്ങിയ ഡെയറി ഫാമിന്റെ സ്ഥലത്ത് കുടിൽകെട്ടി ഈ കുടുംബങ്ങളെ താമസിപ്പിച്ചു. ഭൂമിസ്വന്തമായി പതിച്ച് നൽകാൻവേണ്ടി ഇവരെക്കൊണ്ട് അനിശ്ചിതകാലസമരവും നടത്തി ഇത്രയും വർഷം കഴിഞ്ഞിട്ടും ഒന്നുമായിട്ടില്ല.

**ആനുകൂല്യങ്ങളും അന്യം

ആരാലും സംരക്ഷണമില്ലാതെ അടച്ചുറപ്പില്ലാത്ത വീടുകളിൽ അന്തിയുറങ്ങുന്ന ഈ പാവങ്ങളുടെ നരകതുല്യമായ ജീവിതമാണ് ഈ കുടുംബങ്ങൾ നയിക്കുന്നത്. 19 വർഷമായി യാതൊരുവിധ നടപടികളോ ആനുകൂല്യങ്ങളോ അർഹതപ്പെട്ടവർക്കെങ്കിലും എത്തിക്കാൻ സമരത്തിലേക്ക് വഴിയൊരുക്കിയവർപോലും തയാറാകുന്നില്ല. രാഷ്ട്രീയ മത്സരങ്ങൾക്കിടയിൽ ഇരയായത് വാഗ്ദാനങ്ങൾ വിശ്വസിച്ച് സമരത്തിനെത്തിയ മുപ്പത്തിയെട്ടോളം കുടുംബങ്ങളാണ്. ഭൂമി പതിച്ചു കിട്ടാത്തതിനാൽ റേഷൻ ആനുകൂല്യങ്ങൾ പോലും ഇവർക്ക് അന്യമാണ്‌. താമസിക്കുന്ന ഭൂമിക്ക് യാതൊരു രേഖകളുമില്ല. താമസം ചോർന്നൊലിക്കുന്ന കൂരകളിലാണെങ്കിലും ലൈഫ് പദ്ധതിയിൽപോലും ഇവരുടെ പേരില്ല. വീട്ടുനമ്പർ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ല. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മരണപ്പെടുന്നവർ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെത്തന്നെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.