SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.11 AM IST

അനാഥത്വത്തിന്റെ അവശതയും പേറി "കൂടില്ലാവീട് "

koodilla

നെയ്യാറ്റിൻകര: "ഭയകൗടില്യ മോഹങ്ങൾ വളർക്കില്ലൊരു നാടിനെയും " എന്ന് ഉദ്ഘോഷിച്ച പത്രപ്രവർത്തകൻ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാവീട് നിലംപൊത്താറായ അവസ്ഥയിൽ. അതിയന്നൂർ പഞ്ചായത്തിലെ അരങ്കമുഗളിൽ രാമകൃഷ്ണപിള്ള ജനിച്ചുവളർന്ന കൂടില്ലാവീട് സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ, സാംസ്കാരിക സംഘടനകളടക്കമുള്ള വിവിധ സന്നദ്ധ സംഘടനകൾ രംഗത്ത്.
കൂടില്ലാവീട് സംരക്ഷിക്കണമെന്നുള്ള നിരന്തര ആവശ്യത്തെത്തുടർന്ന് നടൻ സുരേഷ് ഗോപി 2014ൽ ഇവിടെ സന്ദർശിച്ചിരുന്നു. കുടുംബവകയായതിനാൽ സ്വദേശാഭിമാനിയുടെ വീടും വീടിരിക്കുന്ന 10 സെന്റോളം സ്ഥലവും ബന്ധുക്കളുടെ പക്കൽ നിന്ന് 12 ലക്ഷം രൂപ മുടക്കി അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ പേരിൽ വാങ്ങി നൽകുകയായിരുന്നു. പിന്നീട് നവീകരണത്തിനായി 5 ലക്ഷം രൂപയും കൈമാറി. എന്നാൽ 1.5 ലക്ഷം രൂപ മുടക്കി വീടിന്റെ മുകളിൽ ഷീറ്റ് പാകിയതാണ് ആകെയുള്ള നവീകരണം. വസ്തു കൈമാറ്റം നടന്ന ശേഷം അധികൃതരാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടേയില്ല.

വസ്തുവും വീടും പ്രസ് ക്ലബിന്റെ പേരിലായതിനാൽ അതിയന്നൂർ പഞ്ചായത്തിനും നെയ്യാറ്റിൻകര നഗരസഭയ്ക്കും നവീകരണം സംബന്ധിച്ച് യാതൊന്നും ചെയ്യാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. കൂടില്ലാവീട് സംരക്ഷിക്കാൻ പ്രസ് ക്ലബിന് കഴിയാത്ത സാഹചര്യത്തിൽ അവ സംരക്ഷിച്ച് ഉചിതമായ സ്മാരകം നിർമ്മിക്കാനുള്ള ഉത്തരവാദിത്വം നഗരസഭ ഏറ്റെടുക്കാൻ തയ്യാറാണെന്ന് നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹൻ പറഞ്ഞു.

പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ സാംസ്ക്കാരിക വകുപ്പുമായി ബന്ധപ്പെട്ട് നവീകരണത്തിനായി പദ്ധതി തയ്യാറാക്കണമെന്നാണ് വിവിധ പത്രപ്രവർത്തക യൂണിയനുകളുടെ ആവശ്യം.

കൂടില്ലാവീട് കാടുകയറി

150 ലേറെ വർഷത്തെ പഴക്കമുള്ള വീട് എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ചുവരുകളെല്ലാം ഇടിഞ്ഞ് മണ്ണ് ഇടിഞ്ഞിളകിയ അവസ്ഥയിലായ വീടിന് മഴ നനയാതിരിക്കാൻ മേൽകൂരയ്ക്ക് മേൽ ഷീറ്റുകൾ വിരിച്ചതാണ് ആകെയുള്ള ഒരാശ്വാസം. വീടും പരിസരവും കാടുംപടർപ്പും കയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. സ്വദേശാഭിമാനിയുടെ ഓർമദിനങ്ങളിൽ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും വച്ച് ഫോട്ടോയിൽ ഒരു ഹാരമിടുന്നതോടെ തീരും സ്വദേശാഭിമാനിയെക്കുറിച്ചുള്ള സ്മരണകൾ.

വാഗ്ദാനങ്ങൾ വെറുതെയായി

വീട് നവീകരിച്ച് ജേർണലിസം സ്കൂൾ സ്ഥാപിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങൾ അന്ന് നടന്നിരുന്നെങ്കിലും അതെല്ലാം അധികൃതർ ഇപ്പോൾ മറന്ന മട്ടാണ്. ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് കൂടുതൽ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ കൂടില്ലാവീട് സംരക്ഷിക്കാൻ യാതൊരു നടപടിയും കൈക്കൊള്ളാത്ത പ്രസ് ക്ലബ് അധികൃതർ സാംസ്ക്കാരിക വകുപ്പിനോ മറ്റ് ബന്ധപ്പെട്ടവർക്കോ വീടിന്റെ ഉടമസ്ഥാവകാശം കൈമാറണമെന്ന ആവശ്യം ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.