യാത്രക്കാർക്ക് പച്ചക്കറി വിത്ത് അടങ്ങിയ ലഗേജ് ടാഗുകൾ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് വിമാനത്താവളം ജീവനക്കാരുടെ നേതൃത്വത്തിൽ ശംഖുംമുഖം ബീച്ച് ശുചീകരിക്കും. ആഭ്യന്തര ടെർമിനലിനു സമീപം വിമാനത്താവള ജീവനക്കാർ ഔഷധസസ്യ ഉദ്യാനം ഒരുക്കും. നാളെ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾപ്പെടുത്തി കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടക്കും. മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കലാകാരന്മാരും പരിപാടികളിൽ പങ്കെടുക്കും. പരിസ്ഥിതി ദിനത്തിൽ യാത്രക്കാർക്ക് പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും പൂച്ചെടികളുടേയും വിത്ത് ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലഗേജ് ടാഗുകൾ സമ്മാനിക്കും. യാത്രയ്ക്ക് ശേഷം വെള്ളത്തിൽ കുതിർത്ത് മണ്ണിൽ കുഴിച്ചിടാൻ കഴിയുന്നതാണ് ടാഗുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |