SignIn
Kerala Kaumudi Online
Saturday, 20 April 2024 3.12 AM IST

ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ക്രാഫ്റ്റ് വില്ലേജിന്റെ രണ്ടാംഘട്ട വികസനം മൂന്ന് മാസത്തിനകം കളരി അക്കാഡമി

kalari

 കുഴിക്കളരി പഠിപ്പിക്കാൻ മീനാക്ഷിയമ്മയെത്തും

 കാരവാൻ പാർക്കും അഡ്വഞ്ചർ ടൂറിസവും

തിരുവനന്തപുരം: കോവളത്തെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വെളളാർ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ രണ്ടാംഘട്ട വികസനം വേഗത്തിൽ പുരോഗമിക്കുന്നു. കളരി അക്കാഡമി,കാരവാൻ പാർക്ക്,അഡ്വഞ്ചർ ടൂറിസം എന്നിവയാണ് രണ്ടാംഘട്ട വികസനത്തിൽ ഉൾപ്പെടുന്നത്.10 കോടി രൂപയാണ് പദ്ധതിച്ചെലവ്.മൂന്ന് മാസത്തിനകം കളരി അക്കാഡമിയുടെ നിർമ്മാണം പൂർത്തിയാക്കും. കാരവാൻ പാർക്കും അഡ്വഞ്ചർ ടൂറിസവും പൂർത്തിയാക്കാൻ ആറ് മാസം വേണം.അഞ്ച് കാരവാനുകൾ ഉൾപ്പെടുത്തിയാകും കാരവാൻ പാർക്ക്. പദ്മ‌ശ്രീ നേടിയ മീനാക്ഷിഅമ്മയുടെ മേൽനോട്ടത്തിലാകും കളരി അക്കാഡമി പ്രവർത്തിക്കുക. കളരി പഠന ഗവേഷണകേന്ദ്രം എന്ന നിലയ്ക്കാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.പ്രാക്‌ടീസ്,പെർഫോമൻസ്,കളരിയുമായി ബന്ധപ്പെട്ട ചികിത്സകൾ എന്നിവയും ഉണ്ടാകും.ആർട്‌സ്‌ ആൻഡ് ക്രാഫ്റ്റ് വില്ലേജായതിനാൽത്തന്നെ നൃത്തവും കളരിയും തമ്മിൽ ബന്ധിപ്പിക്കുന്ന നൂതന രൂപങ്ങൾക്കായിരിക്കും മുൻതൂക്കം. കുഴിക്കളരിക്കായിരിക്കും അക്കാഡമിയിൽ കൂടുതൽ പ്രാധാന്യം.

ആറടി ആഴത്തിൽ കുഴിക്കളരി

ആറടി ആഴത്തിൽ കുഴിയെടുത്ത് ഒരുങ്ങുന്ന കളരിയാണ് കുഴിക്കളരി.അണുക്കളും മാലിന്യവുമുള്ള മേൽമണ്ണ് മാറ്റി ശാസ്ത്രീയമായി ആയോധനകല അഭ്യസിപ്പിക്കുന്ന രീതിയാണ്.ശീതീകരിച്ച അറയോട് സമാനമായ അന്തരീക്ഷമായിരിക്കും കുഴിക്കളരിയിൽ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നാട്ടിൽ പ്രതിഷേധം ആളിപ്പടർന്ന 1940കളിൽ ആരോഗ്യവും കായികക്ഷമതയുമുളള തലമുറ വളരാതിരിക്കാൻ ബ്രിട്ടീഷുകാർ ആദ്യം ചെയ്തത് മലബാറിലെ കളരികൾ അടച്ചുപൂട്ടലായിരുന്നു.എന്നാൽ ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും ഒളിഞ്ഞും തെളിഞ്ഞും കളരികൾ പ്രവർത്തിച്ചിരുന്നു.

ചുറുചുറുക്കോടെ മീനാക്ഷിഅമ്മ

കേരളത്തിലെ ഏറ്റവും പ്രായംചെന്ന വനിതാ കളരി ഗുരുക്കളാണ് വടകരക്കാരിയായ മീനാക്ഷിഅമ്മ. പുതുപ്പണം കരിമ്പനപ്പാലത്ത് പരേതനായ വി.പി.രാഘവൻ ഗുരുക്കളുടെ ഭാര്യ.അച്ഛന്റെ കൈപിടിച്ച് രാഘവൻ ഗുരുക്കളുടെ കളരിയിൽ പയറ്റ് പഠിക്കാനെത്തുമ്പോൾ മീനാക്ഷിഅമ്മയ്ക്ക് ഏഴ് വയസായിരുന്നു. 79ൽ എത്തിനിൽക്കുമ്പോഴും മീനാക്ഷിഅമ്മയ്ക്ക് അതേ ചുറുചുറുക്കാണ്. പ്രതിഫലേച്ഛയില്ലാത്ത ആത്മസമർപ്പണത്തിന് രാജ്യം പദ്മശ്രീ നൽകിയാണ് മീനാക്ഷിഅമ്മയെ ആദരിച്ചത്.

ട്രാക്കിലായത് രണ്ട് മാസത്തിനിടെ

2021 ജനുവരി 16നാണ് വെളളാറിൽ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് പ്രവർത്തനം തുടങ്ങിയത്.കൊവിഡ്, ഒമിക്രോൺ ആശങ്കകളെ തുടർന്ന് ഏഴ് മാസത്തോളം അടച്ചിട്ടിരുന്നു.കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് സ്ഥാപനം ഉദ്ദേശിച്ച ട്രാക്കിലായത്. 8.5 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ കലാഗ്രാമത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് 28 സ്റ്റുഡിയോകളിലായി അമ്പതോളം ക്രാഫ്റ്റുകൾ പരിചയപ്പെടാനും അവയുടെ പ്രവർത്തനം കാണാനും വാങ്ങുന്നതിനുമുള്ള അവസരമുണ്ട്‌.

'കോവളത്തെത്തുന്ന ടൂറിസ്റ്റുകൾക്ക് കേരളത്തിന്റെ തനത് കലകളെയും കരകൗശല നിർമ്മാണങ്ങളെയും പരിചയപ്പെടുത്തുകയാണ് വില്ലേജിന്റെ ലക്ഷ്യം.രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ ടൂറിസം രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി വില്ലേജ് മാറും.'

ശ്രീപ്രസാദ്

സി.ഒ.ഒ, കേരള ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.