SignIn
Kerala Kaumudi Online
Friday, 29 March 2024 12.59 PM IST

 തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഗുരുതര ഭീഷണിയായി പക്ഷിയിടി

fly

 അറവുശാലാ മാലിന്യം പക്ഷികളെത്താൻ പ്രധാന കാരണം

തിരുവനന്തപുരം: പക്ഷിയിടി സാദ്ധ്യത ഏറ്റവുമധികമുള്ള വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരമെന്നും വിമാനങ്ങൾക്ക് പക്ഷിക്കൂട്ടം ഗുരുതര ഭീഷണിയാണെന്നും എയർപോർട്ട് അതോറിട്ടിയുടെ മുന്നറിയിപ്പ്. വിമാനങ്ങളെത്തുമ്പോൾ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താൻ 'ബേർഡ് ചേസേഴ്സ് " എന്ന പേരിൽ കരാറുകാരുണ്ട്. വർഷങ്ങളായി ഈ വെടിശബ്ദം കേട്ട് പക്ഷികൾക്ക് ഭയമില്ലാതായെന്നും അനധികൃത അറവുശാലകളും സമീപപ്രദേശങ്ങളിലെ അറവുമാലിന്യ ശേഖരവും നിയന്ത്രിച്ചില്ലെങ്കിൽ ദുരന്തമുണ്ടാവുമെന്നുമാണ് മുന്നറിയിപ്പ്. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അദ്ധ്യക്ഷനായ എയർപോർട്ട് എൻവയൺമെന്റൽ കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിലാണ് അതോറിട്ടി ഉന്നത ഉദ്യോഗസ്ഥൻ ഈ മുന്നറിയിപ്പ് നൽകിയത്. പക്ഷിയിടിച്ചാൽ അപകടസാദ്ധ്യതയേറെയാണ്. വിമാനയാത്രക്കാർക്ക് മാത്രമല്ല, ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ താമസക്കാർക്കും ഇത് അപകടമുണ്ടാക്കുന്നതാണ്. രാജ്യത്ത് പല വിമാനത്താവളങ്ങളിലും പക്ഷിക്കൂട്ടത്തെ കാണാറുണ്ടെങ്കിലും ഏറ്റവും സാന്ദ്രതയേറിയത് ഇവിടെയാണെന്നും ഉദ്യോഗസ്ഥൻ പറയുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിനടുത്തെ മാലിന്യക്കൂമ്പാരം ഉടൻ മാറ്റണമെന്ന് അദാനിഗ്രൂപ്പ് സർക്കാരിന് കത്തുനൽകി.

ഇടയ്ക്കിടെ ചെറിയ പക്ഷികളുമായി കൂട്ടിയിടിക്കൽ ഉണ്ടാവുന്നുണ്ടെങ്കിലും പൈലറ്റുമാർ റിപ്പോർട്ട് ചെയ്യാറില്ല. പതിനായിരം സർവീസുകളിൽ ഒറ്റ പക്ഷിയിടി മാത്രമാണ് അനുവദനീയം. ഇവിടെ പത്തോളം പക്ഷിയിടിക്കൽ എല്ലാമാസവും ഉണ്ടാവുന്നു. പക്ഷിയിടിയുണ്ടായാൽ അപകടമായാണ് കണക്കാക്കുക. പക്ഷിയിടിച്ചാൽ രണ്ടുദിവസത്തിനകം ചെന്നൈയിലെ സിവിൽ ഏവിയേഷൻ റീജിയണൽ എയർ സേഫ്‌റ്റി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഇതിന്റെ പകർപ്പ് സിവിൽ വ്യോമയാന ഡയറക്ടർക്ക് നൽകണം. പിന്നീട് എല്ലാമാസവും വ്യോമയാന സുരക്ഷാവിഭാഗത്തിന് പ്രത്യേക റിപ്പോർട്ടും നൽകണം. വ്യോമയാന ഡയറക്ടറുടെ അന്വേഷണവുമുണ്ടാവും. സങ്കീർണമായ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പക്ഷിയിടി പുറത്തറിയിക്കാതെ ഒതുക്കുകയാണ് പതിവ്. വിദേശ പൈലറ്റുമാർ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് പക്ഷിയിടി ഔദ്യോഗികമാവുക. കഴിഞ്ഞദിവസം പാട്ന-ഡൽഹി വിമാനത്തിന് പക്ഷിയിടിച്ച് തീപിടിച്ചിരുന്നു.

 മാലിന്യം നിക്ഷേപം

എയർപോർട്ട് മതിലിനോട് ചേർന്നും അതിനടുത്ത പ്രദേശങ്ങളിലും പൊന്നറ പാലത്തിനടുത്തെ തുറന്നസ്ഥലത്തും ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യ കൂമ്പാരം നിക്ഷേപിക്കാറുണ്ട്. ഇതാണ് വിമാനങ്ങളുടെ സഞ്ചാരപാതയിൽ പക്ഷികൾ കൂട്ടത്തോടെ എത്താനിടയാക്കുന്നത്. ഇറച്ചിയുടെ അവശിഷ്ടം തിന്നാനെത്തുന്ന പരുന്ത്, കാക്ക, കൊക്ക്, മൂങ്ങ എന്നിവയുടെ കൂട്ടം വിമാനങ്ങൾക്ക് ഭീഷണിയാണ്. പക്ഷിയിടിച്ചാൽ വിമാനത്തിന്റെ എൻജിൻ തകരാറിലാവും, നിയന്ത്രണം തെറ്റാനുമിടയുണ്ട്. പുലർച്ചെയാണ് മാലിന്യനിക്ഷേപം അധികവും. ഈ സമയത്താണ് ഭൂരിഭാഗം വിമാനസർവീസുകളും.

 കടുത്ത നിയമലംഘനം

എയർക്രാഫ്‌ട് റൂൾ പ്രകാരം വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ തുറന്ന അറവുശാലകളോ മാംസവില്പന ശാലകളോ പാടില്ല. ഇത് പാലിക്കാത്തവർക്കെതിരെ കേസെടുക്കാം.

വിമാനത്തിൽ പക്ഷിയിടിച്ചാൽ എൻജിൻ പ്രവർത്തനരഹിതമാവും. തീപിടിക്കാൻ സാദ്ധ്യത. ഡിജിറ്റൽ നിയന്ത്രണ സംവിധാനം തകരാറിലാവാം.

 44 വിമാനങ്ങളിൽ 2019ൽ പക്ഷിയിടിച്ചെങ്കിലും 28 എണ്ണമേ റിപ്പോർട്ട് ചെയ്‌തിട്ടുള്ളൂ

 പ്രതികരണം - - - - എയർപോർട്ട് അതോറിട്ടിയുടെ മുന്നറിയിപ്പ് സർക്കാരും നഗരസഭയും ഗൗരവമായി കാണണം. മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

-അദാനി ഗ്രൂപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.