SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.30 AM IST

എയർ, റെയിൽ സർവീസുകളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സിയുടെ ഇ - ബസ് സർവീസ്

തിരുവനന്തപുരം: വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് 24 മണിക്കൂറും എയർ-റെയിൽ-സിറ്റി സർക്കുലർ ബസ് സർവീസ് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നു. ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകൾ, തമ്പാനൂർ ബസ് സ്റ്റേഷൻ, സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവ ബന്ധിപ്പിച്ചുള്ള സർവീസുകൾക്ക് പുത്തൻ ഇലക്ട്രിക് ബസുകളാണ് ഉപയോഗിക്കുന്നത്. ക്ലോക്ക് വൈസ്, ആന്റി ക്ലോക്ക് വൈസുകളിൽ പുതിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും റൂട്ട് അന്തിമമാക്കുന്നത്.

വിമാനം, ട്രെയിൻ സമയക്രമം അനുസരിച്ചാണ് ഷെഡ്യൂൾ തയ്യാറാക്കുക. രാത്രിയിൽ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർ കൂടുതലെത്തുന്നതിനാൽ രാത്രി സർവീസുകൾ അവിടേക്ക് മാത്രമായി നടത്തും. ഈ ബസുകളിൽ ദീർഘദൂര ബസ് സർവീസുകളിലേക്കുള്ള ടിക്കറ്റുകളെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഡൊമസ്റ്റിക്, ഇന്റർനാഷണൽ എയർപോർട്ടുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾക്കുള്ള ബുക്കിംഗ് കൗണ്ടറുകൾക്കുള്ള സൗകര്യവും പരസ്യം ചെയ്യാനുമുള്ള സൗകര്യവുമൊരുക്കാൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജ്‌മെന്റ് അനുവാദം നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെ കയറ്റാൻ ജീവനക്കാർ സഹായിക്കുകയും ആവശ്യമെങ്കിൽ സീറ്റുകൾ മാറ്റി കൂടുതൽ ലഗേജ് സൗകര്യം ഒരുക്കുകയും ചെയ്യും. ലഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെയുള്ള ടിക്കറ്റുകളായിരിക്കും ബസുകളിൽ നൽകുക. ആരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് സൗജന്യവും ടിക്കറ്റിൽ 10% നിരക്ക് ഇളവും നൽകും.

സ‌ർവീസുകൾ ഇങ്ങനെ

ആദ്യ ഘട്ടത്തിൽ ഒാരോ ബസ് വീതം ഓരോ മണിക്കൂറിലും രണ്ട് ടെർമിനലുകളിലെത്തുന്ന വിധമാണ് ക്രമീകരിക്കുക. ക്ലോക്ക് വൈസ് ആയി സർവീസ് നടത്തുന്ന സർക്കുലർ ബസ് സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവെ സ്റ്റേഷന് മുന്നിൽ യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട്, മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുംമുഖം, ഓൾ സെയിന്റസ് കോളേജ്, ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജംഗ്ഷൻ, പേട്ട, പാറ്റൂർ, ജനറൽ ഹോസ്‌പിറ്റൽ, കേരള യൂണിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ അവസാനിക്കും.

ഇന്റർനാഷണൽ ടെർമിനലിൽ ആദ്യം പോകേണ്ടവർക്ക് ആന്റി ക്ലോക്ക് വൈസായി ഓടുന്ന സർക്കുലർ ബസിൽ തമ്പാനൂർ, ഓവർബ്രിഡ്ജ്, പാളയം, അയ്യങ്കാളി ഹാൾ, കേരള യൂണിവേഴ്സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ഇന്റർനാഷണൽ എയർപോർട്ട്, ഓൾ സെയിന്റസ്, ശംഖുംമുഖം, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, മുക്കോലയ്ക്കൽ, മണക്കാട് വഴി തിരിച്ചും പോകുന്ന രീതിയിലാണ് സർവീസ് നടത്തുക. അടുത്തയാഴ്ച സർവീസുകളുടെ ട്രയൽറൺ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.