വർക്കല: വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം കിടങ്ങിൽ പുതുവൽ കോളനിയിൽ മദ്യപ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പുന്നമൂട് നെടുംപ്പുറത്ത് വിളവീട്ടിൽ മണിരാജ് (28), പുന്നമൂട് കിടങ്ങിൽ പുതുവൽ വീട്ടിൽ അപ്പു (28), വർക്കല തേരകുളം ചരുവിളവീട്ടിൽ വിഷ്ണു (28) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 8ഓടെ പുന്നമൂട് കിടങ്ങിൽ പുതുവൽകോളനിയിലാണ് സംഭവം. പത്തോളം പേരടങ്ങുന്ന സംഘം കോളനിയിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർ വർക്കല പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ ഉൾപ്പെടെ 9 പൊലീസുകാരെ മദ്യപ സംഘം ആക്രമിക്കുകയായിരുന്നു.
മൂന്ന് പൊലീസുകാർ ആദ്യം കോളനിയിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യപസംഘം ഇവരെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
ഈ പൊലീസുകാർ വിവരമറിച്ചതിനെ തുടർന്ന് ആറംഗ പൊലീസ് സംഘം കൂടി കോളനിയിലെത്തി. ഇവരെയും പ്രകോപിതരായ മദ്യപസംഘം ആക്രമിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ വർക്കല എസ്.ഐ രാഹുൽ, എ.എസ്.ഐമാരായ മനോജ്, ബിജു, സി.പി.ഒമാരായ പ്രശാന്ത്, റാംക്രിസ്റ്റ്യൻ, ഹരികൃഷ്ണൻ,ശ്യാം ലാൽ,ഷജീർ,ശ്രീജിത്ത് എന്നിവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. എ.എസ്.ഐ മനോജിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി വർക്കല എസ്.എച്ച്.ഒ സനോജ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |