വെള്ളറട: പുരയിടത്തിൽ കിടന്ന നാടൻ പടക്കം എടുക്കവെ പൊട്ടിത്തെറിച്ച് ഗൃഹനാഥന്റെ ഇടതുകൈയിലെ വിരലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോവില്ലൂർ മീതി ഉൗറ്റുകുഴി തെക്കിൻകര വീട്ടിൽ വിജയൻ കാണിയെയാണ് (62) നാടൻ പടക്കവും വെടിമരുന്നുമായി വെള്ളറട പൊലീസ് പിടികൂടിയത്. കോവില്ലൂർ വയലിങ്ങൽ റോഡരികത്ത് വീട്ടിൽ ചന്ദ്രന്റെ (56) കൈവിരലുകളാണ് നഷ്ടപ്പെട്ടത്. ഏതാനും ദിവസം മുൻപ് ടാപ്പിംഗിന് പോയിട്ട് വരികയായിരുന്ന ചന്ദ്രൻ പുരയിടത്തിൽ കിടന്ന നാടൻ പടക്കം എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ വിജയൻ കാണിയുടെ വീട്ടിൽ നിന്ന് പടക്കവും വെടിമരുന്നും പൊലീസ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് പിടിച്ചെടുത്ത പടക്കങ്ങൾ നിർവീര്യമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |