SignIn
Kerala Kaumudi Online
Friday, 19 April 2024 10.52 AM IST

വീഥികളെ അമ്പാടികളാക്കി നഗരവീഥികൾ നിറഞ്ഞ് ഉണ്ണിക്കണ്ണന്മാർ

krishna

തിരുവനന്തപുരം: ദ്വാപരയുഗ സ്മരണകളുണർത്തി നഗരത്തെ ഭക്തിസാന്ദ്രമാക്കി നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാർ ഇന്നലെ രാധമാരോടൊപ്പം നഗരവീഥികളിൽ പിച്ചവച്ചു. പുല്ലാങ്കുഴൽ നാദങ്ങൾ തെരുവുകളിൽ സംഗീതമഴയായി.

'സ്വധർമ്മം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ' എന്ന സന്ദേശമുയർത്തി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രകളാണ് നഗരത്തെ വർണാഭമാക്കിയത്. ചെറുശോഭായാത്രകൾ പ്രധാന കവലകളിൽ സംഗമിച്ച്‌ മഹാശോഭായാത്രകളായി.
നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് വൈകിട്ട് 3.30ന് ആരംഭിച്ച ഉപഘോഷയാത്രകൾ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ സംഗമ ഘോഷയാത്രയായി മാറി. മഹാശോഭായാത്രയുടെ ഉദ്ഘാടനം ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഗായകൻ ജി. വേണുഗോപാൽ നിർവഹിച്ചു.

ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. മഹാശോഭായാത്രയുടെ പതാക സംവിധായകൻ രാജസേനൻ കൈമാറി.തുടർന്ന് കിഴക്കേകോട്ടയിൽ തയ്യാറാക്കിയ ആമ്പാടിയിലേക്ക് ആനയിച്ചു. ശ്രീകൃഷ്ണന്റെയും പുരാണ കഥാപാത്രങ്ങളുടെയും വേഷമണിഞ്ഞ കുരുന്നുകൾ, പഞ്ചവാദ്യം, ചെണ്ടമേളം, യുവതികൾ നയിച്ച ധർമ്മവാഹിനി, കേരളീയ വേഷധാരികളായ സ്ത്രീകൾ, മുത്തുക്കുടകൾ അണിഞ്ഞ യുവതികൾ, ഭജനസംഘം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

ഉറിയടിക്കുന്ന കൃഷ്ണൻ,ഊഞ്ഞാലാടുന്ന കൃഷ്ണൻ,ഉരൽ വലിക്കുന്ന കൃഷ്ണൻ,ഗോവർദ്ധനം ഉയർത്തുന്ന കൃഷ്ണൻ കാളിയമർദ്ദനം, അനന്തശയനം തുടങ്ങിയ നിശ്ചലദൃശ്യങ്ങൾ കണ്ണിന് മിഴിവേകി.

ആറോടുകൂടി പുത്തരിക്കണ്ടം മൈതാനത്ത് ശോഭായാത്ര സമാപിച്ചു. ശോഭായാത്രയിൽ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാർക്ക് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അവൽപ്പൊതി നൽകി. ധർമ്മ ജാഗരൺ അഖില ഭാരതീയ പ്രമുഖ് ശരത് ഡോളെ, സഹപ്രമുഖ് ശ്യാം കുമാർ, സംഘാടക സമിതി ഭാരവാഹികളായ എം.മഹേശ്വരൻ, എം.ഗോപാൽ, എസ്.രാധാകൃഷ്ണൻ, എസ്.രാജീവ്, കെ.സുനിൽ, മായാമോഹൻ, ഷാജു വേണുഗോപാൽ, മീമണി വാസുദേവൻ, ഗോപൻ ആറന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമായ ഇന്നലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടന്നത്. കൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞു. ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രം, നെയ്യാറ്റിൻകര, മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, KRISHNA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.