എഴുകോൺ : കഞ്ചാവും മയക്കുമരുന്നും കടത്തിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ എഴുകോൺ പൊലീസ് പിടികൂടി. നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വൈശാഖിനെയാണ് (34 ) ഇന്നലെ പുലർച്ചെ പവിത്രേശ്വരത്തുള്ള ഒളി സങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. അടുത്തിടെ കുണ്ടറയിലെ ഒരു ബാറിൽ നടന്ന സംഘർഷത്തിൽ വൈശാഖനെതിരെ കുണ്ടറ പൊലീസ് വധശ്രമത്തിന് കേസ്സെടുത്തിരുന്നു. എഴുകോൺ പൊലീസിനെ വാള് കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടതിനും ഇയാൾക്കെതിരെ കേസുണ്ട്. കാറിൽ കഞ്ചാവുമായി വരുന്നതിനിടെ തടഞ്ഞ പൊലീസ് സംഘത്തെയാണ് ഭീഷണിപ്പെടുത്തിയത്. മറ്റൊര് കേസിൽ ജാമ്യത്തിൽ നിൽക്കുമ്പോഴായിരുന്നു ഇത്. കൂടാതെ മറ്റ് നിരവധി കേസുകളിലും വൈശാഖൻ പ്രതിയാണ്. കുണ്ടറയിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന കഞ്ചാവ്, മയക്കുമരുന്ന് കച്ചവടങ്ങളുടെ പ്രധാന കണ്ണിയാണ് വൈശാഖനെന്ന് എഴുകോൺ ഐ.എസ്. എച്ച്. ഒ. ശിവപ്രകാശ് പറഞ്ഞു.എസ് .ഐ . മാരായ അനീസ്, സുരേഷ്, കുണ്ടറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗംഗപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ് ,ഗിരീഷ്, ഷനീർ, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |