തിരുവനന്തപുരം: ആൾസെന്റ്സ് കോളേജിനടുത്ത് ട്രെയിൻ എൻജിൻ പാളംതെറ്റി. ഇന്നലെ പുലർച്ചെ 3.30ഒാടെയായിരുന്നു സംഭവം. രാവിലെ 4.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട യോഗനാഗിരി എക്സ്പ്രസിന്റെ ബോഗികളുമായി ഷണ്ടിംഗ് നടത്തുന്നതിനിടെണ് ലോക്കോ എൻജിൻ ട്രാക്കിൽ നിന്ന് തെന്നിമാറിയത്. ഷണ്ടിംഗ് സ്റ്റോപ്പിൽ നിറുത്തേണ്ടിയിരുന്ന ലോക്കോ നിൽക്കാതെ മുന്നോട്ടുനീങ്ങി ബാരിയർ തകർത്ത് ട്രാക്കിനുപുറത്തേക്ക് തെന്നുകയായിരുന്നു. മണ്ണിലൂടെ നീങ്ങി ഒരു പോസ്റ്റിൽ തട്ടിയാണ് നിന്നത്. പിന്നാലെയുണ്ടായിരുന്ന ബോഗി ട്രാക്കിൽതന്നെ നിന്നതും, മറിയാതിരുന്നതും ദുരന്തം ഒഴിവാക്കി.
അപകടം ഷണ്ടിംഗ് ട്രാക്കിലായിരുന്നതിനാൽ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്കുമുള്ള രണ്ടു ട്രാക്കുകളിലും സർവ്വീസിന് തടസ്സമുണ്ടായില്ല. ഷണ്ടിംഗ് ട്രാക്കിലെ വൈദ്യുതി ബന്ധം നിറുത്തിയതിനാൽ ഏതാനും നേരത്തേക്ക് സർവ്വീസ് താമസമുണ്ടായി. യോഗനാഗിരി എക്സ്പ്രസ് ഇന്നലെ ഒരുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
രാവിലെ മുതൽ വൈകിട്ട് അഞ്ചുമണിവരെ റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാരും ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് ലോക്കോ എൻജിൻ തിരിച്ച് ട്രാക്കിലേക്ക് കയറ്റിയത്. ഇതുമൂലം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഷണ്ടിംഗ് ജോലികൾ തടസ്സപ്പെട്ടു. അതേസമയം സർവ്വീസിനെ ഇത് ബാധിച്ചില്ലെന്നും അപകടത്തിൽ ആളപായമുണ്ടായില്ലെന്നും റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |