SignIn
Kerala Kaumudi Online
Thursday, 25 April 2024 10.17 PM IST

പൊലീസിന് പിടികിട്ടാപ്പുള്ളിയായ പ്രതി വിലസുന്നു; കുറവൻകോണത്തെ വീട്ടിൽ വീണ്ടും അക്രമിയുടെ വിളയാട്ടം; കാമറ തക‌ർത്തു

man

തിരുവനന്തപുരം: മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിക്കുകയും കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറി പൂട്ടുതക‌‌ർക്കുകയും ചെയ്ത കേസുകളിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാതിരിക്കെ കുറവൻകോണത്തെ വീട്ടിൽ വീണ്ടും അക്രമിയുടെ വിളയാട്ടം. കുറവൻകോണം വിക്രംപുരം ഹിൽ റസിഡന്റ്സ് അസോസിയേഷനിൽ താമസിക്കുന്ന അശ്വതി അനിലിന്റെ വീട്ടിലാണ് കുടുംബാംഗങ്ങളെ ഭീതിയിലാക്കി ശനിയാഴ്ച അ‌‌ർദ്ധരാത്രിയോടെ വീണ്ടും അജ്ഞാതനായ അക്രമിയെത്തിയത്.

രാത്രി 11.53 ഓടെ റോഡിന് അഭിമുഖമായി നിൽക്കുന്ന വീടിന്റെ ഇടതുവശം ചേർന്നുള്ള ആറടിയോളം ഉയരമുള്ള മതിൽ ചാടിക്കടന്ന് പ്രതി കോമ്പൗണ്ടിലേക്ക് പ്രവേശിച്ചതായാണ് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അശ്വതിയുടെ വീട്ടിൽ അതിക്രമിച്ചെത്തിയ തന്നെ തിരിച്ചറിയാൻ സഹായിച്ച കാമറ ഇന്നലെ അക്രമി തക‌ർത്തു. കാമറ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്.

പിൻവശത്തെ കാമറയുടെ സ്ഥാനം കൃത്യമായി അറിയാവുന്ന ഇയാൾ തന്റെ ചിത്രം പതിയാതിരിക്കാൻ മതിലിന്റെ ഓരം ചേർന്നാണ് നടക്കുന്നത്. വീടിന്റെ ഒരു കോർണറിലുള്ള കാമറ മുകളിലേക്ക് തിരിച്ചുവയ്ക്കുകയും ചെയ്തു. അശ്വതിയുടെ ഗൾഫിലുള്ള ഭ‌ർത്താവിന്റെ മൊബൈലിൽ ശനിയാഴ്ച രാത്രി 11.53 ഓടെ കാമറയിൽ നിന്നുള്ള അല‌ർട്ട് സന്ദേശം എത്തിയതിനെ തുട‌ർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ വീണ്ടും അക്രമിയുടെ സാന്നിദ്ധ്യം അശ്വതി തിരിച്ചറിഞ്ഞത്. വിവരം അറിയിച്ചതനുസരിച്ച് പേരൂ‌ർക്കട പൊലീസ് സ്ഥലത്തെത്തുകയും നേരം പുലരും വരെ പ്രദേശമാകെ അരിച്ചുപെറുക്കുകയും ചെയ്തെങ്കിലും അക്രമിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ആദ്യദിവസം മുഖം മറയ്ക്കാതെ എത്തിയ അക്രമി ഇന്നലെ മാസ്ക് വച്ചാണ് വന്നത്.

ഏഴുമിനിട്ടോളം വീടിന്റെ പരിസരത്ത് ചെലവിട്ട ഇയാൾ, അവിടെ നിന്ന് പുറത്തിറങ്ങി മുൻവശത്തെ റോഡിലൂടെ കുറവൻകോണം ഭാഗത്തേക്കാണ് പോയത്. സമീപത്ത് വിദ്യാ‌ർത്ഥികൾ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തേക്കാണ് ഇയാൾ പോയതെന്നാണ് കരുതുന്നത്. കവർച്ചാശ്രമവും മ്യൂസിയത്തെ അക്രമവും ഏറെകോളിളക്കമുണ്ടാക്കുകയും പൊലീസ് അന്വേഷണം തുടരുകയും ചെയ്യുന്നതിനിടെ കൂസലില്ലാതെ വീണ്ടും അക്രമി അതേ വീട്ടിൽ തന്നെ പ്രത്യക്ഷപ്പെട്ടത് വീട്ടുകാരെയും നഗരവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് ഡെപ്യൂട്ടി കമ്മിഷണ‌ർ അജിത് കുമാറുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ അശ്വതിയുടെ വീട്ടിലെത്തി. അക്രമിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് ഡി.സി.പി വീട്ടുകാ‌ർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.

ഭീതിയിലെന്ന് അശ്വതി

ആദ്യത്തെ സംഭവത്തിന് ശേഷം പൊലീസും മാദ്ധ്യമങ്ങളുമൊക്കെ വീട്ടിൽ വന്നുപോകുന്നതറിഞ്ഞിട്ടും വീണ്ടും അതിക്രമിച്ച കയറിയത് ഭീതി ഉളവാക്കുന്നുവെന്ന് അശ്വതി അനിൽ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.45ഓടെ വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതി കാമറകൾ മൂടുകയും പൊസിഷൻ മാറ്റുകയും ചെയ്തിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് പുല‌ർച്ചെ ഒരുമണിയോടെ ചുറ്റികയുമായെത്തിയ ഇയാൾ ഒന്നാം നിലയിലെ ഇരുമ്പ് ഗ്രിൽ അടിച്ചുതകർത്തു. പിന്നാലെ ടെറസിന് മുകളിൽ നിന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഗ്രില്ലും തകർത്ത് അകത്ത് കയറാൻ ശ്രമിച്ചു. ഇവിടെ ഗ്രില്ലിന് പുറമെ കതകും ഉണ്ടായിരുന്നതിൽ ശ്രമം പാളി. പേരൂർക്കട എസ്.ഐ അനീസയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക് വിദഗ്ദരെത്തി തെളിവുകൾ ശേഖരിച്ചു.

ലേഡീസ് ഹോസ്റ്റലിലും അജ്ഞാതൻ

ശനിയാഴ്ച രാത്രി കുറവൻകോണത്തെ 30ഓളം കുട്ടികൾ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ മട്ടുപ്പാവിലും അജ്ഞാതന്റെ കാലൊച്ച കേട്ടതായി പരാതി. രാത്രി 12.30ഓടെ രണ്ടാം നിലയിലെ മട്ടുപ്പാവിലൂടെ ഒരാൾ വേഗത്തിൽ നടക്കുന്ന ശബ്ദം കേട്ട കുട്ടികൾ തോന്നലാണോ എന്നറിയാനായി അതേ നിലയിലുള്ള മറ്റുള്ളവരോടും കാര്യം പറയുകയും കാലൊച്ച സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ മട്ടുപ്പാവിലെ ലൈറ്റ് ഓണാക്കിയതോടെ ശബ്ദം നിന്നു. ഹോസ്റ്റലിന്റെ പിറകിലുള്ള കാടുപിടിച്ച വഴിയിലൂടെ രണ്ടാംനിലയിലെ മട്ടുപ്പാവിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുമെന്നും ഇതിനുമുൻപും ഇടയ്ക്കൊക്കെ മട്ടുപ്പാവിലെ കതകിൽ തട്ടുന്നതും സിഗററ്റിന്റെ ഗന്ധവും കാലൊച്ചയും അനുഭവപ്പെട്ടതായും കുട്ടികൾ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഹോസ്റ്റൽ മതിലിൽ അജ്ഞാതൻ നിൽക്കുന്നത് കണ്ടതായും ലൈറ്റ് ഇട്ടപ്പോൾ ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് ചാടിയതായും അയൽവാസി പറഞ്ഞതായും കുട്ടികൾ വെളിപ്പെടുത്തി.

പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. അജ്ഞാതന്റെ സാന്നിദ്ധ്യം കണ്ട രണ്ടിടങ്ങളിലും സ്ത്രീകളും കുട്ടികളുമാണ് താമസിക്കുന്നത്. വിക്രമപുരം റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിൽ വരുന്ന എല്ലാ വീട്ടുടമകളോടും പ്രതിയെ കണ്ടെത്താത്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകളെടുക്കണമെന്നും അറിയിച്ചതായി പ്രസിഡന്റ് മാത്യു കുരുവിള പറഞ്ഞു.


മ്യൂസിയം സംഭവത്തിൽ കുറവൻകോണത്തെ അക്രമിയല്ലെന്ന് നിഗമനം

വഴയില സ്വദേശിയെ വിട്ടയച്ചു

മ്യൂസിയത്ത് പ്രഭാത സവാരിക്കിടെ വനിതാ ഡോക്ടറെ ആക്രമിച്ചതിനും കുറവൻകോണം അക്രമത്തിനും പിന്നിൽ ഒരേ ആളല്ലെന്ന് പൊലീസിന്റെ നിഗമനം. മ്യൂസിയം സംഭവത്തിൽ ഇരയായ ഡോക്ടറെ കുറവൻകോണത്തെ അക്രമിയുടെ സിസി ടിവി ദൃശ്യം കാണിച്ചപ്പോൾ അവർ സംശയം പ്രകടിപ്പിച്ചതും ഇരുവരും തമ്മിൽ ഉയരത്തിലും ശരീരപ്രകൃതിയിലുമുള്ള വ്യത്യാസവുമാണ് രണ്ട് സംഭവത്തിന് പിന്നിലും ഒരേ ആളല്ലെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്.

മ്യൂസിയം സംഭവത്തിൽ സംശയത്തിന്റെ പേരിൽ വഴയില സ്വദേശിയായ ഒരു യുവാവിനെ പൊലീസ് പിടികൂടിയിരുന്നെങ്കിലും വനിതാ ഡോക്ട‌ർ ഇയാളല്ല അക്രമിച്ചതെന്ന് വെളിപ്പെടുത്തിയതോടെ പൊലീസ് ഇയാളെ വിട്ടയച്ചു. സംശയത്തിന്റെ പേരിൽ രൂപ സാദൃശ്യമുള്ള നിരവധി പേരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മ്യൂസിയത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമി രക്ഷപ്പെട്ട ഇന്നോവ കാറിന്റെ രജിസ്ട്രേഷൻ നമ്പ‌‌ർ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഫോറൻസിക് വിഭാഗത്തിന്റെയും എ.കെ.ജി സെന്റ‌‌ർ ആക്രമണക്കേസിൽ സ്കൂട്ടറിന്റെ നമ്പ‌ർ തിരിച്ചറിയാൻ ഉപയോഗിച്ച സാങ്കേതിക സംവിധാനത്തിന്റെയും സഹായം പൊലീസ് ഉപയോഗപ്പെടുത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.