SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 AM IST

നഗരസഭ യുദ്ധക്കളം,കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെ.പിയും യു.ഡി.എഫും

തിരുവനന്തപുരം: കത്ത് വിവാദത്തിൽ കത്തിക്കയറിയ ചൂടൻ പ്രസംഗങ്ങളും പൊലീസ് ലാത്തിച്ചാർജ്ജും ജലപീരങ്കിയുമായി നഗരസഭ ഇന്നലെയും യുദ്ധക്കളമായി. മേയർ ആര്യ രാജേന്ദ്രൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ മഹിളാ മോർച്ച പ്രവർത്തകരും പൊലീസും അരമണിക്കൂറോളമാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ നഗരസഭ ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. മഹിളമോർച്ച നേതാക്കൾ ബാരിക്കേഡിന് മുകളിൽക്കയറി മറികടക്കാനും മറിച്ചിടാനും ശ്രമിച്ചു.ബാരിക്കേഡ് മറികടന്ന ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.സി.ബീനയെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ മതിൽ പൊളിച്ചിട്ടിരുന്ന ഭാഗത്തു കൂടി നഗരസഭ ഓഫീസിലേക്ക് ഓടിക്കയറി. അകത്ത് ഏതാനും പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. വനിത എസ്.ഐ അടക്കമുള്ളവരെ തള്ളിമാറ്റി പ്രവർത്തകർ ഓഫീസിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു.പൊലീസുകാരുടെ ലാത്തിയും പിടിച്ചു വാങ്ങി. ഇതിനിടയിൽ പൊലീസുകാർ വനിതാ പ്രവർത്തകരെ തടയാനെത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാരും രംഗത്തെത്തി. കൂടുതൽ വനിത പൊലീസെത്തിയെങ്കിലും പ്രവർത്തകരെ തടയാനായില്ല. അരമണിക്കൂറോളം പൊലീസും പ്രവർത്തകരുമായുള്ള ഉന്തും തളളും തുടർന്നു.പിന്നീട് ലാത്തിവീശുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചതിലും ലാത്തിച്ചാർജ്ജിലും പല പ്രവർത്തകർക്കും നിസാര പരിക്കേറ്റു. തുടർന്നു നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്‌തു.പൊലീസ് വലയത്തിലാണ് മേയർ ഇന്നലെയും ഓഫീസിലെത്തിയത്. മേയറുടെ ഓഫീസിനു മുന്നിലും ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു.ഇതിനിടെ മഹിളാമോർച്ച പ്രവർത്തകർ മേയറുടെ ചേംബറിലേക്ക് മുദ്രാവാക്യം വിളിച്ച് തളളിക്കയറി.ഇവരെ പിന്നീട് അറസ്റ്റ് ചെയ്‌തു നീക്കി.

പ്രതികളാകാൻ പോകുന്നത് സി.പി.എം നേതാക്കൾ: വി.ഡി.സതീശൻ

തിരുവനന്തപുരം: നഗരസഭയിലെ 295 ഒഴിവുകളിലേക്ക് ആളെ നൽകണമെന്നാവശ്യപ്പെട്ട് മേയർ പാർട്ടി സെക്രട്ടറിക്ക് കത്തെഴുതിയ സംഭവത്തിൽ പ്രധാനപ്പെട്ട സി.പി.എം നേതാക്കളാണ് പ്രതികളാകാൻ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. നഗരസഭാ കവാടത്തിന് മുന്നിൽ യു.ഡി.എഫിന്റെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മേയറെയും സി.പി.എം നേതാക്കളെയും രക്ഷിക്കാനുള്ള സർക്കാർ തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം.ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിൻവാതിൽ നിയമനം നടത്തുകയാണ്. പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെയും നോക്കുകുത്തിയാക്കി പാർട്ടി ജില്ലാ സെക്രട്ടറിമാരും മന്ത്രിമാരുടെ ഓഫീസുകളും നടത്തിയിരിക്കുന്ന നിയമനങ്ങൾ ഒന്നൊന്നായി യു.ഡി.എഫ് പുറത്ത് കൊണ്ടുവരും.പിൻവാതിൽ നിയമനം ലഭിച്ചവരെ സംരക്ഷിക്കാൻ ഒരു ഒഴിവ് പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യരുതെന്നാണ് വകുപ്പ് മേധാവിമാർക്ക് സർക്കാർ വാക്കാൽ നൽകിയിരിക്കുന്ന നിർദ്ദേശം. നഗരസഭയിലെ സംഭവം പുറത്തുവന്നതോടെയാണ് പിൻവാതിൽ നിയമനങ്ങൾ ചർച്ചയായത്. താത്ക്കാലിക,പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അതിനെതിരായ നിയമ നടപടികളെക്കുറിച്ച് യു.ഡി.എഫ് ആലോചിക്കുമെന്നും സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.ബീമാപള്ളി റഷീദ്, വി.എസ്.ശിവകുമാർ, ജി.എസ്.ബാബു, സുബോധൻ, പ്രതാപചന്ദ്രൻ, കെ.മോഹൻകുമാർ, എം.എ.വാഹിദ് ,ചെമ്പഴന്തി അനിൽ, ഉളളൂർ മുരളി, മണക്കാട് സുരേഷ്, ഇറവൂർ പ്രസന്നകുമാർ, കരുമം സുന്ദരേശൻ,എം.പി.സാജു,കുറ്റിമൂട് ശശിധരൻ,കൈമനം പ്രഭാകരൻ, മൺവിള രാധാകൃഷ്‌ണൻ, ശ്രീകണ്‌ഠൻ നായർ, പെരുന്താന്നി പത്മകുമാർ,ആർ.ഹരികുമാർ, അണ്ടൂർക്കോണം സനൽ ഉൾപ്പെടെയുളളവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റിന് പരിക്കേറ്റു


പട്ടികജാതി ഫണ്ട് വെട്ടിപ്പിലും തൊഴിൽ തട്ടിപ്പിലും പ്രതിഷേധിച്ച് പട്ടികജാതി മോർച്ച നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായുളള ബലപ്രയോഗത്തിനിടെ ജില്ലാ പ്രസിഡന്റ് മുട്ടത്തറ പ്രശാന്തിന് പരിക്കേറ്റു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭ കവാടത്തിൽ പൊലീസ് തടയുകയായിരുന്നു. ബി.ജെ.പി കൗൺസിലർമാരും മാർച്ചിന്റെ ഭാഗമായി.

സമരങ്ങളെ മസിൽപവർ ഉപയോഗിച്ച് തകർക്കാനാകില്ല: വി.വി.രാജേഷ്

നഗരസഭയിലെ അഴിമതിക്കെതിരെ നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ മസിൽപവർ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമം വിജയിക്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. മഹിളാമോർച്ച നഗരസഭയ്‌ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുപതിറ്റാണ്ടുകാലം നഗരസഭയിൽ നടന്ന അഴിമതിഭരണത്തിന് സി.പി.എമ്മിനെപ്പോലെ കോൺഗ്രസും ഉത്തരവാദികളാണ്. അന്ന് പ്രതിപക്ഷവും ഭരണപക്ഷവും സഹകരിച്ചാണ് അഴിമതി നടന്നത്.എന്നാൽ കഴിഞ്ഞ ആറുവർഷമായി പ്രതിപക്ഷ നേതൃത്വമുള്ള ബി.ജെ.പി അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൈക്കൊള്ളുന്നത്.കെട്ടിട നികുതി തട്ടിപ്പിനെതിരെ 15 ദിവസം ബി.ജെ.പി സമരം നടത്തിയ ശേഷമാണ് കോൺഗ്രസ് പ്രതികരിക്കാൻ പോലും അന്ന് തയ്യാറായതെന്നും രാജേഷ് പറഞ്ഞു.വി.ടി.രമ, എം.ആർ.ഗോപൻ, വി.ജി.ഗിരികുമാർ, തിരുമല അനിൽ, കരമന അജിത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.