കുറുപ്പം റോഡിന്റെ ശനിദശ അകലുന്നു; കിട്ടി, കരാറുകാരനെ കിട്ടി...!
തൃശൂർ: ഒന്നരവർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നഗരത്തിലെ പ്രധാന പ്രവേശന കവാടമായ കുറുപ്പം റോഡിലെ കാന, നടപ്പാത നിർമ്മാണത്തിന് കരാറുകാരനെ കിട്ടി. കുറുപ്പം റോഡിൽ കാനയും നടപ്പാതയും ഇല്ലാത്തത് മൂലം പൊതുജനങ്ങളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് കേരളകൗമുദി ശനിയാഴ്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട എൻജിനിയറിംഗ് വിഭാഗം ഒരു കരാറുകാരനുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തുകയായിരുന്നു. പൊലീസ് അനുമതി കിട്ടിയ ശേഷം ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നാണ് വിവരം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് നഗരത്തിലേക്കും തിരിച്ചുമുള്ള പ്രധാന പാതയാണിത്. നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വലിയ അപകടഭീതിയിലാണ് യാത്ര ചെയ്തിരുന്നത്. കൂടാതെ, പ്രദേശത്തെ നൂറോളം വരുന്ന വ്യാപാരികളും കാനയില്ലാത്തതുമൂലം കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. കാലവർഷം ആരംഭിക്കുന്ന ഘട്ടത്തിലാണെങ്കിലും നിർമ്മാണം തുടങ്ങുന്നത് നഗരത്തിന് വലിയ ആശ്വാസമാകും.
ഒന്നരവർഷത്തെ കാത്തിരിപ്പ് 1. രണ്ടരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഒന്നരവർഷം മുൻപാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ കരാറുകാർ ആരും മുന്നോട്ടുവന്നില്ല. തുടർന്ന് ഈ വർഷമാദ്യം റീടെൻഡർ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
2. 2025ലെ പൂരാഘോഷങ്ങൾക്ക് മുൻപായി നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അനിശ്ചിതത്വം നീണ്ടതോടെ പദ്ധതി വൈകി.
3. എൻജിനിയറിംഗ് വിഭാഗത്തിന്റെ ഇടപെടലിൽ മുൻപ് ഒരു കരാറുകാരൻ വന്നിരുന്നെങ്കിലും പിന്നീട് പിൻവാങ്ങി. കാനയും കേബിളുകളും കടന്നുപോകുന്ന റോഡുവക്കിലെ നിർമ്മാണം ഏറെ ശ്രമകരമാണെന്നതും, സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നതുമായിരുന്നു കാരണം.